
ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ കസ്റ്റഡിയിലെടുത്ത പൊലീസ്, മൂന്നര മണിക്കൂറോളം വാഹനത്തിൽ നഗരത്തിലൂടെ കൊണ്ടുനടന്നതായി ആരോപണം. രാവിലെ 11 മണിയോടെ കസ്റ്റഡിയിലെടുത്ത പിണറായി വിജയനെയും ഒപ്പമുണ്ടായിരുന്ന നേതാക്കളെയും മൂന്നര മണിക്കൂറിന് ശേഷമാണ് മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലെത്തിച്ചത്. പിണറായിക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന കെ.എൻ. ബാലഗോപാലും ജോൺ ബ്രിട്ടാസും പൊലീസ് നടപടിക്കെതിരെ പ്രതിഷേധിച്ചെങ്കിലും അധികൃതർ പ്രതികരിച്ചില്ലെന്നാണ് നേതാക്കൾ ആരോപിക്കുന്നത്. യാത്രയ്ക്കിടെ പിണറായിയുടെ ഭക്ഷണവും മരുന്നും മുടങ്ങിയതായി ഒപ്പമുണ്ടായിരുന്നവർ ലൈവ് വീഡിയോയിലൂടെ അറിയിച്ചു. പ്രായമായ നേതാവിനോട് പൊലീസ് മോശമായി പെരുമാറിയെന്നും അവർ ആരോപിച്ചു.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള മാർച്ചിൽ പങ്കെടുക്കാൻ കേരള ഹൗസിൽനിന്ന് ഒരുങ്ങുന്നതിനിടെയാണ് സിപിഎം നേതാക്കളെ കസ്റ്റഡിയിലെടുത്തത്. സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, പി.കെ. ശ്രീമതി, കെ.കെ. ശൈലജ എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സിപിഎം പോളിറ്റ് ബ്യൂറോ അംഗം വിജു കൃഷ്ണൻ, സിഐടിയു നേതാക്കൾ, എസ്എഫ്ഐ ദേശീയ അധ്യക്ഷൻ ആദർശ് സജി എന്നിവരെയും കസ്റ്റഡിയിലെടുത്ത് നീക്കിയതായി റിപ്പോർട്ടുണ്ട്.
