സംസ്ഥാനത്തെ പിഎസ്സി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട പരാതികൾ വിജിലൻസ് അന്വേഷിക്കും. കേസ് അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുമെന്നും, പിഎസ്സി സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള സ്ഥാപനമായതിനാൽ വിജിലൻസ് അന്വേഷണം നടത്തുന്നതിൽ നിയമപരമായ തടസ്സങ്ങളില്ലെന്നും സർക്കാരിന് നിയമോപദേശം ലഭിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ കേസ് ഔദ്യോഗികമായി വിജിലൻസിന് കൈമാറാൻ സർക്കാർ നീക്കമാരംഭിച്ചിട്ടുണ്ട്. അടുത്ത മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും. പിഎസ്സി ചെയർമാനോ അംഗങ്ങൾക്കോ എതിരെ നേരിട്ട് നടപടിയെടുക്കാൻ സർക്കാരിന് അധികാരമില്ലെങ്കിലും, പരീക്ഷാ നടത്തിപ്പിലെ അപാകതകളെക്കുറിച്ച് അന്വേഷിക്കാൻ വിജിലൻസിന് പൂർണ്ണ സ്വാതന്ത്ര്യമുണ്ടാകും. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെയാകും ഇതിനായി നിയോഗിക്കുക.
ആസൂത്രണ ബോർഡിലെ ചീഫ് തസ്തികയിലേക്കുള്ള പൊതുപരീക്ഷയിൽ പത്ത് ചോദ്യങ്ങളുടെ ഉത്തരം മൂല്യനിർണ്ണയം നടത്താതെ വിട്ടതും, ഇതിനിടയിൽ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് നിയമനം നൽകിയതുമാണ് നിലവിലെ പ്രധാന വിവാദം. ഇത് സംബന്ധിച്ച് പിഎസ്സി നടത്തിയ ആഭ്യന്തര അന്വേഷണം സുതാര്യമല്ലെന്ന ആക്ഷേപം ശക്തമായതോടെയാണ് സർക്കാർ നിയമോപദേശം തേടിയത്. ഇതിന് പുറമെ ഫിഷറീസ് വകുപ്പിലെ എക്സ്റ്റൻഷൻ ഓഫീസർ, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ, ഡിവൈഎസ്പി (സ്പെഷ്യൽ റിക്രൂട്ട്മെന്റ്), ലോ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ, കെ.എ.എസ് (KAS), സർവകലാശാല പി.ആർ.ഒ തസ്തികകളിലെ തിരഞ്ഞെടുപ്പ് നടപടികളെക്കുറിച്ചും മുഖ്യമന്ത്രിക്ക് ഒട്ടേറെ പരാതികൾ ലഭിച്ചിട്ടുണ്ട്. പരീക്ഷാ നടത്തിപ്പിന്റെ വിശ്വാസ്യത കാത്തുസൂക്ഷിക്കാൻ ഈ പരാതികളും വിജിലൻസ് അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ടുവരാനാണ് നിലവിൽ ആഭ്യന്തര വകുപ്പിന്റെ ആലോചന.
