Home » Blog » Top News » പി ആൻഡ് ടി കോളനി നിവാസികളുടെ പുനരധിവാസം: മുണ്ടംവേലി ഫ്ലാറ്റിന്റെ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കാൻ നിർദ്ദേശം
images (52)

പി ആൻഡ് ടി കോളനി നിവാസികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് മുണ്ടംവേലി ഫ്ലാറ്റിന്റെ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കാൻ നിർദ്ദേശം.

കോർപ്പറേഷൻ മേയർ അഡ്വ.വി കെ മിനിമോളുടെ സാന്നിധ്യത്തിൽ, ജില്ലാ കളക്ടർ ജി.പ്രിയങ്കയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഇതു സംബന്ധിച്ചു ജി സി ഡി എ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

നഗരത്തിലെ പ്രധാന വെള്ളക്കെട്ട് പരിഹാര മാർഗ്ഗമായ മുല്ലശ്ശേരി കനാൽ നവീകരണം മെയ് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് ജില്ലാ കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

ചിറ്റൂർ റോഡ് മുതൽ എം.ജി റോഡ് വരെ, എം.ജി റോഡ് ക്രോസിംഗ്, ടി.ഡി റോഡ് എന്നിങ്ങനെ മൂന്ന് സ്‌ട്രെച്ചുകളിലായി ശേഷിക്കുന്ന 175 മീറ്റർ ഭാഗത്തെ നിർമ്മാണമാണ് ഇനി പൂർത്തിയാക്കാനുള്ളത്. നിർമ്മാണ വേഗം വർദ്ധിപ്പിക്കുന്നതിനായി പരമ്പരാഗത രീതിക്ക് പകരം പ്രീ-കാസ്റ്റ് സാങ്കേതികവിദ്യ ഉപയോഗിക്കും. ടെൻഡർ നടപടികൾക്കൊപ്പം പൈപ്പുകളും കേബിളുകളും മാറ്റുന്ന യൂട്ടിലിറ്റി ഷിഫ്റ്റിംഗ് നടപടികൾ സമാന്തരമായി മുന്നോട്ട് കൊണ്ടുപോകണം. സൈറ്റ് നിർമ്മാണ ഏജൻസിക്ക് കൈമാറുന്ന സമയത്ത് തടസ്സങ്ങൾ പൂർണ്ണമായും നീക്കിയിരിക്കണമെന്നും ജില്ലാ കളക്ടർ നിർദ്ദേശിച്ചു.

 

ടി.പി. കനാൽ നവീകരണം, പനമ്പിള്ളി നഗർ, ഇന്ദിരാ നഗർ എന്നിവിടങ്ങളിലെ വെള്ളക്കെട്ട് പരിഹരിക്കൽ, അനധികൃത മാലിന്യ നിക്ഷേപം തടയൽ, നീരൊഴുക്ക് തടസ്സപ്പെടുന്ന ചോക്ക് പോയിന്റുകൾ കണ്ടെത്തൽ തുടങ്ങിയ കാര്യങ്ങളും യോഗം വിലയിരുത്തി. കടവിൽ ലൈൻ ഡ്രൈനേജ്, ഒബ്‌റോൺ മാൾ – വാടത്തോട് കൽവർട്ട്, കമ്മട്ടിപ്പാടം കൽവർട്ട് എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും യോഗം ചർച്ച ചെയ്തു. തടസ്സങ്ങൾ നേരിട്ട് വിലയിരുത്താൻ ബി.എസ്.എൻ.എൽ, വാട്ടർ അതോറിറ്റി, കെ.എസ്.എൽ.ബി എന്നീ വകുപ്പുകൾ സംയുക്തമായി സ്ഥലം സന്ദർശിച്ച് നടപടികൾ സ്വീകരിക്കും.

കൗൺസിലർ കെ.വി.പി കൃഷ്ണകുമാർ, ഡെപ്യൂട്ടി കളക്ടർ കെ. മനോജ്, കോർപ്പറേഷൻ സെക്രട്ടറി പി.എസ്. ഷിബു, അമിക്കസ് ക്യൂറിമാരായ അഡ്വ. ഗോവിന്ദ് പത്മനാഭൻ, അഡ്വ. എ.ജി. സുനിൽ കുമാർ എന്നിവരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

/**for adding 05-02-2026*/