പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇറാനുമായുള്ള സമാധാന കരാർ അന്തിമഘട്ടത്തിലെത്തി നിൽക്കെ ലെബനനിൽ ആക്രമണം നടത്തിയ ഇസ്രയേലിനെ വിമർശിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇസ്രയേൽ ലെബനനെതിരെ ആക്രമണം നടത്തരുതെന്നും ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. ഹിസ്ബുല്ല അടക്കമുള്ള മറ്റൊരു വിഭാഗവും ഇസ്രായേലിനെതിരെ ആക്രമണം നടത്തരുതെന്നും ട്രംപ് ആവശ്യപ്പെട്ടു. ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു ട്രംപ് നിലപാട് വ്യക്തമാക്കിയത്.
ഇറാനുമായി സമാധാന കരാറിലേക്കുള്ള ശ്രമങ്ങൾ നിർണായക ഘട്ടത്തിലെത്തിയിരിക്കുന്ന ഈ പ്രത്യേക ദിവസത്തിൽ ബെയ്റൂട്ടിനെതിരായ ഇസ്രായേലിന്റെ ആക്രമണം സംഭവിക്കാൻ പാടില്ലായിരുന്നു’വെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ‘ലെബനനിൽ ഉൾപ്പെടെ മുഴുവൻ മേഖലയിലും സമാധാനം കൊണ്ടുവരുന്ന ഒരു കരാറിനോട് നാം വളരെ അടുത്തിരിക്കുകയാണ്. അതിനാൽ എല്ലാവരും ആക്രമണങ്ങളിൽ നിന്ന് പിന്മാറണ’മെന്നും ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. ‘ഇത് ദീർഘകാലത്തേക്കുള്ളതും മനോഹരവുമായ സമാധാനത്തിന്റെ തുടക്കമാകാം. അത് നശിപ്പിക്കരുത്’ എന്നാണ് ട്രംപ് കുറിച്ചിരിക്കുന്നത്.
ബെയ്റൂട്ടിലെ ആക്രമണം അമേരിക്കയിലുള്ള വിശ്വാസത്തെ വീണ്ടും ചോദ്യം ചെയ്തതായി സമാധാന ചർച്ചകളിൽ ഇറാനെ നയിക്കുന്ന പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫ് വ്യക്തമാക്കി. ട്രംപിൻ്റെ പ്രസ്താവന പുറത്ത് വന്നതിന് പിന്നാലെയായിരുന്നു മുഹമ്മദ് ബാഗർ ഘാലിബാഫിൻ്റെ പ്രതികരണം. ‘അമേരിക്കയ്ക്ക് സ്വന്തം വാഗ്ദാനങ്ങൾ പാലിക്കാനുള്ള മനസ്സില്ലെന്നോ അതിനുള്ള കഴിവില്ലെന്നോ ആണ് തോന്നുന്നത്. വാഗ്ദാനങ്ങൾ പാലിക്കാനുള്ള മനസ്സും കഴിവും ഇല്ലെങ്കിൽ, ഈ സമാധാന പാത തുടരുന്നതിനെക്കുറിച്ച് സംസാരിക്കുന്നതിൽ അർഥമില്ല’ എന്നായിരുന്നു എക്സ് പോസ്റ്റിൽ മുഹമ്മദ് ബാഗർ ഘാലിബാഫ് വ്യക്തമാക്കിയത്.
