
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഇന്നും തുടരുമെന്ന് കെ.എസ്.ഇ.ബിയുടെ മുന്നറിയിപ്പ്. എൽനിനോ പ്രതിഭാസത്തെ തുടർന്നുള്ള മഴക്കുറവും കനത്ത ചൂടും കാരണം വൈദ്യുതി ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് കുത്തനെ ഉയർന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഇതിനു പുറമെ പവർ എക്സ്ചേഞ്ചുകളിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ കടുത്ത കുറവ് നേരിടുന്നുണ്ടെന്നും കെ.എസ്.ഇ.ബി അറിയിച്ചു.
ദേശീയ തലത്തിൽ ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ അറിയിച്ച 12,000 മെഗാവാട്ടിന്റെ ലഭ്യതക്കുറവ് പൂർണ്ണമായി പരിഹരിക്കാൻ സാധിച്ചിട്ടില്ല. സെൻട്രൽ ജനറേറ്റിംഗ് സ്റ്റേഷനിൽ നിന്നുള്ള വിഹിതത്തിലും അപ്രതീക്ഷിതമായി കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി 10:30-ന് രേഖപ്പെടുത്തിയ 5,349 മെഗാവാട്ട് ഡിമാൻഡ് സാധാരണ വേനൽക്കാലങ്ങളിൽ അനുഭവപ്പെടുന്നതിന് തുല്യമാണ്. മുൻവർഷങ്ങളിലെ സെപ്റ്റംബർ മാസത്തെ ഡിമാൻഡിനേക്കാൾ ഏകദേശം 1,100 മെഗാവാട്ടിന്റെ വർദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്. മധ്യപ്രദേശിൽ നിന്നുള്ള കൈമാറ്റകരാര്‍ വഴിയുള്ള 200 മെഗാവാട്ട് വൈദ്യുതിയുടെ ലഭ്യത ഇന്ന് മുടങ്ങിയതോടെ പ്രതിസന്ധി കൂടുതൽ രൂക്ഷമായി. മൊത്തത്തിൽ 900 മുതൽ 1,000 മെഗാവാട്ട് വരെ വൈദ്യുതിയുടെ ലഭ്യതക്കുറവാണ് സംസ്ഥാനത്ത് നിലവിലുള്ളത്.
