Home » Blog » kerala Max » പഴയ വീഡിയോ പണിയായി; നെഹാ ബോറയുടെ വിവാദ പരാമർശം, കോൺഗ്രസിനെതിരെ ബിജെപി; വിമർശനവുമായി ഇന്ത്യാ സഖ്യകക്ഷികളും!
RAHUG-680x450

ഒരു പഴയ വീഡിയോ പുറത്തുവന്നതോടെ കോൺഗ്രസിനെയും പ്രതിപക്ഷ ഇന്ത്യാ സഖ്യത്തെയും ചുറ്റിപ്പറ്റി പുതിയ രാഷ്ട്രീയ വിവാദം. ഇടതുപക്ഷ വിദ്യാർഥി നേതാവ് നെഹാ ബോറയുടെ പരാമർശങ്ങളാണ് ബിജെപിയുടെ വിമർശനത്തിന് വഴിവെച്ചത്. ഹിന്ദു വിശ്വാസത്തെയും സനാതന ധർമത്തെയും അപമാനിക്കുന്നതാണ് പ്രസ്താവനകളെന്ന് ബിജെപി ആരോപിച്ചു. എന്നാൽ വിവാദത്തിൽ കോൺഗ്രസിന്റെ സഖ്യകക്ഷികളായ സമാജ്‌വാദി പാർട്ടിയും ശിവസേന (ഉദ്ധവ് വിഭാഗം) നേതാവ് പ്രിയങ്ക ചതുർവേദിയും പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ചതോടെ വിഷയം കൂടുതൽ ചർച്ചയായി.

സ്ത്രീകൾക്ക് സംരക്ഷണം ആവശ്യമാണ്, അതിന് തടസ്സമാകുന്നത് ബ്രാഹ്മണിക്കൽ വ്യവസ്ഥിതിയാണെന്നായിരുന്നു ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (എ.ഐ.എസ്.എ) നേതാവായ നെഹാ ബോറയുടെ പരാമർശം. ദരിദ്രരും അടിച്ചമർത്തപ്പെടുന്നവരും മൃഗങ്ങളും സ്ത്രീകളും ചൂഷണത്തിനും ദുരുപയോഗത്തിനും വിധേയരാകുന്ന വ്യവസ്ഥിതിയാണിതെന്നും ബ്രാഹ്മണ സ്ത്രീകൾ പോലും പീഡനത്തിന് ഇരയാകുന്നുണ്ടെന്നും ക്ഷേത്രങ്ങൾക്കുള്ളിൽ പുരോഹിതന്മാർ ബലാത്സംഗം നടത്തുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അവർ വീഡിയോയിൽ ആരോപിച്ചു. ഈ പരാമർശങ്ങൾ രാഹുൽ ഗാന്ധിയുടെ ഹിന്ദുവിരുദ്ധ നിലപാടുകളുടെ പ്രതിഫലനമാണെന്ന് ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി ആരോപിച്ചു. നെഹാ ബോറയെ രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയത്തിന്റെ ‘പോസ്റ്റർ ഗേൾ’ എന്നും അദ്ദേഹം വിശേഷിപ്പിച്ചു. സനാതന ധർമത്തെയും ഹിന്ദു വിശ്വാസത്തെയും ലക്ഷ്യമിട്ടുള്ള ആശയപ്രചാരണമാണ് ഇതെന്നും ബിജെപി കുറ്റപ്പെടുത്തി. 2014-ൽ ഡൽഹിയിലെ കൂട്ടബലാത്സംഗ സംഭവത്തോട് പ്രതികരിക്കവേ ക്ഷേത്രങ്ങളിൽ ദേവതകളെ ആരാധിക്കുന്നവർ തന്നെ ബസുകളിൽ സ്ത്രീകളെ ഉപദ്രവിക്കുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്ന കാര്യവും ബിജെപി നേതാക്കൾ ചർച്ചയാക്കി.

എന്നാൽ ബോറയുടെ പരാമർശങ്ങളെ പിന്തുണയ്ക്കാൻ സമാജ്‌വാദി പാർട്ടി തയ്യാറായില്ല. പൊതുവായി ഒരു ജാതിയെയോ മതത്തെയോ സമൂഹത്തെയോ കുറ്റപ്പെടുത്തുന്ന പ്രസ്താവനകൾ ശരിയല്ലെന്ന് സമാജ്‌വാദി പാർട്ടി എം.പി രാജീവ് റായ് വ്യക്തമാക്കി. എല്ലാ മതങ്ങളിലും നല്ലവരും മോശക്കാരുമുണ്ടെന്നും ഇത്തരം പൊതുവൽക്കരണങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ആഗ്രഹിക്കുന്ന വിവാദത്തിലേക്ക് പ്രതിപക്ഷം വീഴരുതെന്നും രാജീവ് റായ് കൂട്ടിച്ചേർത്തു. ശിവസേന (ഉദ്ധവ് വിഭാഗം) നേതാവും മുൻ രാജ്യസഭാംഗവുമായ പ്രിയങ്ക ചതുർവേദിയും പ്രസ്താവനയെ വിമർശിച്ചു. ക്ഷേത്രങ്ങളിൽ ബലാത്സംഗം നടക്കുന്നു, പുരോഹിതന്മാരാണ് അതിന് പിന്നിലെന്നും ബ്രാഹ്മണ സ്ത്രീകൾ സുരക്ഷിതരല്ലെന്നുമുള്ള തരത്തിലുള്ള പരാമർശങ്ങൾ അപമാനകരമാണെന്ന് അവർ പറഞ്ഞു. താനൊരു ബ്രാഹ്മണ സ്ത്രീയാണെന്നും ഇത്തരം ഭാഷാപ്രയോഗങ്ങൾ ഉചിതമാണോയെന്നും പ്രിയങ്ക ചോദിച്ചു. ഇടതുപക്ഷത്തുനിന്നായാലും വലതുപക്ഷത്തുനിന്നായാലും തീവ്ര ചിന്താഗതി രാജ്യത്തിന് ദോഷകരമാണെന്നും അവർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *