Home » Blog » Kerala » പഴയ തെറ്റിദ്ധാരണകൾ കുത്തിപ്പൊക്കി നടനെ അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാവില്ല; മമ്മൂട്ടിയെ പിന്തുണച്ച് പി. ജയരാജൻ
P-JAYARAJAN-680x450

കണ്ണൂർ: നടൻ മമ്മൂട്ടിക്കെതിരെയുള്ള സൈബർ ആക്രമണങ്ങൾ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി. ജയരാജൻ. ഇടതുപക്ഷത്തിന്റെ ലേബലിൽ നിന്നുകൊണ്ട് ഇത്തരത്തിലുള്ള വ്യക്തിഹത്യകൾക്ക് നേതൃത്വം നൽകുന്നത് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ശൈലിയല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, രാഷ്ട്രീയ ശത്രുക്കൾക്ക് അവസരം ഒരുക്കാനും തെറ്റിദ്ധാരണകൾ സൃഷ്ടിക്കാനും ചില കേന്ദ്രങ്ങൾ നടത്തുന്ന ഇത്തരം അജണ്ടകൾ തിരുത്തപ്പെടേണ്ടതുണ്ടെന്നും തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ മുന്നറിയിപ്പ് നൽകി. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുൻപുണ്ടായ വിഷയം അന്നുതന്നെ പരസ്പരം സംസാരിച്ച് പൂർണ്ണമായും പരിഹരിക്കപ്പെട്ട ഒന്നാണെന്നും സി.പി.ഐ.എം വയനാട് ജില്ലാ സെക്രട്ടറി റഫീഖും മമ്മൂട്ടിയും തമ്മിലുള്ള സൗഹൃദവും ആത്മബന്ധവും പൊതുസമൂഹത്തിന് നന്നായി അറിയാവുന്നതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

 

തീർന്നുപോയ ഒരു പഴയ തെറ്റിദ്ധാരണയെ വീണ്ടും കുത്തിപ്പൊക്കി ആ മഹാനടനെ നിരന്തരം വേട്ടയാടാനും അധിക്ഷേപിക്കാനും ചിലർ ശ്രമിക്കുന്നത് നിക്ഷിപ്ത താല്പര്യങ്ങളോടെയാണെന്ന് പി. ജയരാജൻ കൂട്ടിച്ചേർത്തു. മമ്മൂട്ടി ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെയും ചട്ടക്കൂടിൽ മാത്രം ഒതുങ്ങിനിൽക്കുന്ന വ്യക്തിയല്ലെന്നും അദ്ദേഹം ഈ നാടിന്റെയാകെ പൊതുസ്വത്താണെന്നും ജയരാജൻ വ്യക്തമാക്കി. അദ്ദേഹത്തെ സന്ദർശിക്കുന്നതും സൗഹൃദം പങ്കുവെക്കുന്നതും ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ ചേരിതിരിവിന്റെ അടിസ്ഥാനത്തിൽ അളക്കേണ്ട ഒന്നല്ലെന്നും ഇത്തരം അനാവശ്യ വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം നിലപാട് വ്യക്തമാക്കി.

 

കഴിഞ്ഞ ദിവസം മമ്മൂട്ടിയെ സന്ദർശിച്ച എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ നേതാക്കളെ വിമർശിച്ചുകൊണ്ട് ഒരു വിഭാഗം സൈബർ അണികൾ രംഗത്തെത്തിയതാണ് പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടത്. സി.പി.ഐ.എം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖിന്റെ ചിത്രം പങ്കുവെച്ചായിരുന്നു സൈബർ പ്രൊഫൈലുകളുടെ പ്രതിഷേധം. എന്നാൽ, സൈബർ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന പി. ജയരാജന്റെ തിരുത്തൽ കുറിപ്പിന് താഴെയും ഒരു വിഭാഗം ഇടതുപക്ഷ അനുഭാവികൾ രൂക്ഷമായ വിമർശനങ്ങളുമായി രംഗത്തെത്തുന്നുണ്ട്. ‘സഖാവേ… അങ്ങയോടുള്ള ബഹുമാനം കളയരുത്’ എന്നടക്കമുള്ള പ്രതികരണങ്ങളോടെ സൈബർ പോര് കൂടുതൽ കടുക്കുന്ന കാഴ്ചയാണ് നിലവിൽ കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *