Home » Blog » Kerala » പരീക്ഷാഫല പ്രഖ്യാപനത്തിലെ കാലതാമസം കുട്ടികളുടെ ഉപരിപഠനത്തെ ബാധിക്കുന്നു; സി.ബി.എസ്.ഇ-യോട് വിശദീകരണം തേടി സുപ്രീം കോടതി
supreme-cort-680x390

പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാഫലം പ്രഖ്യാപിക്കാത്തതുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹർജിയിൽ കേന്ദ്ര സെക്കൻഡറി വിദ്യാഭ്യാസ ബോർഡിനും റീജിയണൽ ഓഫീസർക്കും സുപ്രീം കോടതിയുടെ അടിയന്തര നോട്ടീസ്. സൗദി അറേബ്യയിൽ നിന്നുള്ള ഇന്ത്യൻ വിദ്യാർത്ഥി നൽകിയ ഹർജിയിലാണ് ജസ്റ്റിസുമാരായ മൻമോഹൻ, വിജയ് ബിഷ്ണോയ് എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർണ്ണായക നടപടി.

 

“ഇതൊരു കുട്ടിയുടെ ഭാവി സംബന്ധിച്ച കാര്യമാണ്. ഫലം വൈകിയാൽ ഉപരിപഠന പ്രവേശനത്തിനുള്ള എല്ലാ അവസരങ്ങളും കുട്ടികൾക്ക് നഷ്ടമാകും” എന്ന് കേസ് പരിഗണിക്കവെ കോടതി സി.ബി.എസ്.ഇ. അഭിഭാഷകനോട് വാക്കാൽ നിരീക്ഷിച്ചു. വിഷയത്തിൽ ബോർഡിനോട് അടിയന്തരമായി നിർദേശങ്ങൾ തേടാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാൻ-ഇസ്രയേൽ- അമേരിക്ക സംഘർഷത്തെത്തുടർന്നുണ്ടായ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് സൗദി അറേബ്യ, ബഹ്‌റൈൻ, ഇറാൻ, കുവൈത്ത്, ഒമാൻ, ഖത്തർ, യു.എ.ഇ എന്നീ ഏഴ് മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ പ്ലസ് ടു ബോർഡ് പരീക്ഷകൾ സി.ബി.എസ്.ഇ. റദ്ദാക്കിയിരുന്നു.

 

പരീക്ഷകൾ റദ്ദാക്കിയതിനെത്തുടർന്ന് ഗൾഫ് രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്കായി സി.ബി.എസ്.ഇ. പ്രത്യേക മൂല്യനിർണ്ണയ പദ്ധതി തയ്യാറാക്കിയിരുന്നു. സൗദിയിലെ അൽ ജുബൈലിൽ നിന്ന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഇംഗ്ലീഷ്, കമ്പ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിൽ പ്രൈവറ്റ് സ്ഥാനാർത്ഥിയായി ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതിയ പ്രാൻസു ജിഗർകുമാർ പട്ടേൽ എന്ന വിദ്യാർത്ഥിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഫലം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മെയ് 17, 21, 30 തീയതികളിൽ സി.ബി.എസ്.ഇ.ക്ക് നിവേദനങ്ങൾ നൽകിയിട്ടും മറുപടിയൊന്നും ലഭിച്ചില്ലെന്നും, ഇത് തന്റെ ഉപരിപഠന സാധ്യതകളെയും പ്രവേശന അവസരങ്ങളെയും ബാധിച്ചതായും വിദ്യാർത്ഥി ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.