Home » Blog » Kerala » പത്ത് വർഷമായി കേരളത്തെ എല്ലാ മേഖലകളിലും തകർത്ത സർക്കാർ, സംസ്ഥാന ബജറ്റിനെതിരെ രാജീവ് ചന്ദ്രശേഖർ
Rajeev-Chandrasekhar-680x450

സംസ്ഥാന ബജറ്റ് അവതരിപ്പിക്കാനിരിക്കെ പിണറായി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സാമ്പത്തികമായി തകർന്നടിഞ്ഞ കേരളത്തെ വികസിത പാതയിലേക്ക് നയിക്കുന്ന പദ്ധതികളാണ് നാളത്തെ ബജറ്റിൽ ഉണ്ടാകേണ്ടതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ പത്ത് വർഷമായി കേരളത്തെ എല്ലാ മേഖലകളിലും തകർത്ത സർക്കാരാണ് ഇതെന്നും കേവലം പിആർ വർക്കിലൂടെയും നുണപ്രചാരണങ്ങളിലൂടെയുമാണ് ഭരണപക്ഷം പിടിച്ചുനിൽക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തൊഴിലില്ലായ്മ, അമിതമായ വിലക്കയറ്റം, വർധിച്ചു വരുന്ന കടബാധ്യത എന്നിവയിൽ നിന്നും നാടിനെ കരകയറ്റാനുള്ള ക്രിയാത്മക നിർദ്ദേശങ്ങളാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. എന്നാൽ ജനങ്ങളെ പറ്റിക്കുന്ന വെറും ചെപ്പടിവിദ്യകളായി ബജറ്റ് മാറരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലം ജനദ്രോഹം മാത്രം അജണ്ടയാക്കിയ സർക്കാരിൽ നിന്ന് വലിയ ജനക്ഷേമ നയങ്ങൾ പ്രതീക്ഷിക്കാൻ കഴിയില്ലെന്നും, ഒരു സർക്കാർ എങ്ങനെയാകരുത് എന്നതിന്റെ ഉദാഹരണമാണ് നിലവിലെ ഭരണമെന്നും അദ്ദേഹം പരിഹസിച്ചു.

രാജ്യത്തെ കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ അവസാന ബജറ്റാണിതെന്ന് വിശേഷിപ്പിച്ച രാജീവ് ചന്ദ്രശേഖർ, പോകുന്ന പോക്കിലെങ്കിലും ജനങ്ങൾക്ക് ഗുണകരമായ എന്തെങ്കിലും നന്മ ചെയ്യാൻ സർക്കാർ തയ്യാറാകണമെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.