Home » Blog » Kerala » ‘പണമല്ല പ്രശ്‌നം പവറാണ്’; കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങും, കിട്ടാവുന്ന എല്ലാ മാർഗവും നോക്കും ; മന്ത്രി സണ്ണി ജോസഫ്
10

തിരുവനന്തപുരം : ‘പണമല്ല പ്രശ്‌നം പവറാണ്’ എന്ന അഭിപ്രായം എല്ലാവർക്കും ഉണ്ടെന്നും അതിന്റെ അടിസ്ഥാനത്തിൽ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങി നിലവിലെ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി സണ്ണി ജോസഫ്. കിട്ടാവുന്ന എല്ലാ മാർഗങ്ങളിലൂടെയും വൈദ്യുതി വാങ്ങാനുള്ള ആലോചനയാണ് പുരോഗമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

“കേന്ദ്രസ്ഥാപനമായ എൻടിപിസിയിൽനിന്നു വാങ്ങാനുള്ള നടപടികളാണ് നടക്കുന്നത്. കേന്ദ്ര സ്ഥാപനം ആയതു കൊണ്ടു വേറെ ആക്ഷേപങ്ങളും കടമ്പകളും ഉണ്ടാകില്ല. പത്തിൽ താഴെ രൂപയ്ക്ക് വൈദ്യുതി കിട്ടുന്ന അവസ്ഥ മൂന്നു മാസം മുൻപ് ഉണ്ടായിരുന്നുവെന്ന വാർത്ത അടിസ്ഥാനരഹിതമാണ്. കുറഞ്ഞ വിലയ്ക്കു വൈദ്യുതി കിട്ടുമായിരുന്ന കരാർ മുൻ സർക്കാർ റദ്ദാക്കി. അതു പുനഃസ്ഥാപിക്കാനുള്ള നിയമനടപടികളുമായി മുന്നോട്ടു പോകുകയാണ്. ആ കരാർ റദ്ദാക്കാൻ ബി.അശോക് കത്തു നൽകിയിരുന്നുവെങ്കിൽ അതു സർക്കാർ പരിശോധിക്കേണ്ടിയിരുന്നു. എട്ടു വർഷം കരാർ പ്രകാരം കുറഞ്ഞ വിലയ്ക്കു വൈദ്യുതി വാങ്ങിയ ശേഷമാണ് ആ കരാർ റദ്ദാക്കിയത്. അതു തെറ്റായി പോയെന്ന് അന്നത്തെ സർക്കാരിനു പിന്നീടു മനസിലായി. മാസങ്ങൾക്കു ശേഷം കരാർ റദ്ദാക്കിയതു പുനഃപരിശോധിക്കണമെന്ന് മന്ത്രിസഭാ യോഗം ചേർന്നു തീരുമാനിച്ചു. അതുസംബന്ധിച്ച നിർദേശം കമ്മിഷനു നൽകുകയും ചെയ്തു. പക്ഷെ അപ്പോഴേക്കും വൈകിയിരുന്നു.” – സണ്ണി ജോസഫ് പറഞ്ഞു.

“കരാർ കമ്പനികൾ കൂടിയ വിലയ്ക്കു വൈദ്യുതി മറ്റുള്ളവർക്കു നൽകി. കരാർ പ്രകാരമുള്ള 465 മെഗാവാട്ട് വൈദ്യുതി കിട്ടിയിരുന്നെങ്കിൽ ഇപ്പോഴത്തെ പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ല. 4.29 രൂപയ്ക്കു കിട്ടുമായിരുന്ന വൈദ്യുതിയാണ് ഇപ്പോൾ 30 രൂപയ്ക്കു വാങ്ങേണ്ടിവരുന്നത്. അധികാബാധ്യതയുണ്ടാകും. ആ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറി, ധനകാര്യ സെക്രട്ടറി തുടങ്ങിയവരും പങ്കെടുത്ത യോഗം ചേർന്ന് തീരുമാനമെടുത്തത്. ചിലപ്പോൾ വൈദ്യുതി ബോർഡിന്റെ പണത്തിനു പകരം സർക്കാർ പണമാകും ഉപയോഗിക്കുക. പഴയ കരാർ റദ്ദാക്കിയതിനെക്കുറിച്ച് അന്വേഷിക്കുന്ന കാര്യവും ആലോചിക്കും.” – മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *