Home » Blog » Kerala » നേരിട്ടത് കൊടിയ പീഡനം; നീതി തേടി ഹാജി മസ്താൻ്റെ മകൾ; പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കും തുറന്ന കത്തെഴുതി ഹസീൻ മസ്താൻ മിർസ
HAJI-MASTA-680x450

മുംബൈ അധോലോകത്തെ മുൻകാല തലവനായിരുന്ന ഹാജി മസ്താൻ്റെ മകളാണെന്ന് അവകാശപ്പെടുന്ന ഹസീൻ മസ്താൻ മിർസ നീതി തേടി രംഗത്ത്. താൻ നേരിടുന്ന ക്രൂരമായ വ്യക്തിപരമായ പീഡനങ്ങളിൽ ഇടപെടണമെന്നും നീതി ഉറപ്പാക്കണമെന്നും അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും അവർ പരസ്യമായി കത്തെഴുതി. വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കവെയാണ് വർഷങ്ങളായി താൻ അനുഭവിക്കുന്ന ദുരനുഭവങ്ങൾ അവർ തുറന്നുപറഞ്ഞത്.

നിർബന്ധിത വിവാഹവും പീഡനങ്ങളും

1996-ൽ സ്വന്തം ഇഷ്ടത്തിന് വിരുദ്ധമായി നടന്ന വിവാഹമാണ് തന്റെ ജീവിതം തകർത്തതെന്ന് ഹസീൻ വെളിപ്പെടുത്തി. അമ്മാവൻ്റെ മകനുമായി നടന്ന വിവാഹം ശൈശവ വിവാഹമായിരുന്നുവെന്നും അവർ ആരോപിക്കുന്നു. “എൻ്റെ ഐഡന്റിറ്റി മറച്ചുവെച്ചാണ് അവർ എന്നെ വിവാഹം കഴിപ്പിച്ചത്. എന്നെ വിവാഹം കഴിച്ച വ്യക്തിക്ക് അതിനുമുമ്പ് എട്ട് ഭാര്യമാരുണ്ടായിരുന്നു. വിവാഹശേഷം ഞാൻ നിരന്തരം ബലാത്സംഗത്തിന് ഇരയായി. അയാൾ എൻ്റെ സ്വത്തുക്കൾ ദുരുപയോഗം ചെയ്യുകയും കൈക്കലാക്കാൻ ശ്രമിക്കുകയും ചെയ്തു,” ഹസീൻ പറഞ്ഞു. കുടുംബത്തിൽ നിന്ന് ഒറ്റപ്പെട്ട അവസ്ഥയിലായിരുന്ന താൻ പിതാവ് ഹാജി മസ്താൻ്റെ മരണം രണ്ട് വർഷത്തിന് ശേഷമാണ് അറിഞ്ഞതെന്നും അവർ കൂട്ടിച്ചേർത്തു.

മുത്തലാഖ് നിയമത്തിന് പ്രശംസ

തൻ്റെ പോരാട്ടത്തിൽ ആരും കൂടെയില്ലായിരുന്ന സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പിലാക്കിയ മുത്തലാഖ് നിരോധന നിയമം തനിക്ക് വലിയ പ്രതീക്ഷ നൽകിയതായി ഹസീൻ പറഞ്ഞു. മുത്തലാഖ് നിയമം ഇസ്‌ലാമിലെ സ്ത്രീകളെ സംരക്ഷിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും മോദിജിക്ക് സ്ത്രീകളുടെ അനുഗ്രഹമുണ്ടെന്നും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ അവർ വ്യക്തമാക്കി. ഇരകൾക്ക് ഉടനടി നീതി ഉറപ്പാക്കുന്ന കൂടുതൽ ശക്തമായ നിയമങ്ങൾ രാജ്യത്ത് ഉണ്ടാകണമെന്നും അവർ സർക്കാരിനോട് അഭ്യർത്ഥിച്ചു.

ഭയപ്പെടുത്തുന്ന ഭൂതകാലം തനിക്കുണ്ടായ ആഘാതം മൂലം മൂന്ന് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്നും കൊലപാതകശ്രമങ്ങളിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും അവർ വെളിപ്പെടുത്തി. 1994 ജൂൺ 25-നാണ് മുംബൈയിലെ കുപ്രസിദ്ധ അധോലോക നായകനായിരുന്ന ഹാജി മസ്താൻ അന്തരിച്ചത്. ദാവൂദ് ഇബ്രാഹിം ഉൾപ്പെടെയുള്ളവരുമായി ബന്ധമുണ്ടായിരുന്ന അദ്ദേഹം മുംബൈയിൽ വലിയ സ്വാധീനമുള്ള വ്യക്തിയായിരുന്നു. എന്നാൽ പിതാവിൻ്റെ സ്വാധീനമൊന്നും തന്നെ രക്ഷിക്കാൻ ഉണ്ടായിരുന്നില്ലെന്നും ഇപ്പോഴത്തെ സർക്കാർ നീതി നൽകുമെന്നാണ് തൻ്റെ പ്രതീക്ഷയെന്നും ഹസീൻ മസ്താൻ മിർസ പറഞ്ഞു.