പോളി നായകനാകുന്ന പുതിയ ചിത്രം ‘ബേബി ഗേൾ’ റിലീസിന് തയ്യാറെടുക്കുന്നു. ചിത്രത്തിന്റെ ഓൺലൈൻ ബുക്കിംഗ് ഔദ്യോഗികമായി ആരംഭിച്ചു. സാധാരണക്കാരന്റെ ഹൃദയത്തിൽ തൊടുന്ന പ്രകടനങ്ങളിലൂടെ ജനപ്രിയനായ നിവിൻ പോളി, ഈ ചിത്രത്തിൽ സനൽ മാത്യു എന്ന ഹോസ്പിറ്റൽ അറ്റൻഡന്റായാണ് എത്തുന്നത്. സ്വാഭാവിക അഭിനയശൈലിയിലൂടെ നിവിൻ പോളി വീണ്ടും വെള്ളിത്തിരയിൽ വിസ്മയം തീർക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ‘ഗരുഡൻ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അരുൺ വർമ്മയാണ്. പ്രശസ്ത തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ് കൂട്ടുകെട്ടാണ് ചിത്രത്തിന് രചന നിർവഹിച്ചിരിക്കുന്നത്. യഥാർത്ഥ ജീവിതകഥകളെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രം മാസ്സ് പടങ്ങളിൽ നിന്ന് മാറി ഒരു റിയൽ സ്റ്റോറി പശ്ചാത്തലത്തിലാണ് അരുൺ വർമ്മ ഒരുക്കിയിരിക്കുന്നത്. ബോബി-സഞ്ജയ് ടീം മാജിക് ഫ്രെയിംസിന് വേണ്ടി തിരക്കഥയൊരുക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്.
ഫയസ് സിദ്ദിഖ് ഛായാഗ്രഹണവും സാം സി.എസ്. സംഗീതവും നിർവ്വഹിക്കുന്ന ചിത്രത്തിൽ വലിയൊരു സാങ്കേതിക നിര തന്നെ അണിനിരക്കുന്നുണ്ട്. ഷൈജിത്ത് കുമാരൻ എഡിറ്റിംഗും അനീസ് നാടോടി കലാസംവിധാനവും നിർവ്വഹിക്കുന്നു. ലിസ്റ്റിൻ സ്റ്റീഫനൊപ്പം ജസ്റ്റിൻ സ്റ്റീഫൻ കോ-പ്രൊഡ്യൂസറായും സന്തോഷ് കൃഷ്ണൻ, നവീൻ പി. തോമസ് എന്നിവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരായും പ്രവർത്തിക്കുന്നു. റിലീസിന് മുൻപേ തന്നെ വലിയ ചർച്ചയായ ‘ബേബി ഗേൾ’ തിയേറ്ററുകളിൽ പുതിയ തരംഗം സൃഷ്ടിക്കുമെന്നാണ് സിനിമാ ലോകം വിലയിരുത്തുന്നത്.
