Home » Blog » Kerala » നിലയ്ക്കാത്ത ആഘോഷത്തിന്റെ അകമ്പടിയോടെ മഴവില്ലഴകില്‍ കരയോട് ചേര്‍ന്ന് പെരുമ്പളം
IMG-20260307-WA0011

പതിറ്റാണ്ടുകളായി ഒരു ജനത ഹൃദയത്തിലേറ്റിയ സ്വപ്നം കായല്‍പ്പരപ്പിന് കുറുകെ മഴവില്ലഴകില്‍ തലയുയര്‍ത്തി നിന്നപ്പോള്‍ പെരുമ്പളം ദ്വീപ് അക്ഷരാര്‍ത്ഥത്തില്‍ ഒരു ഉത്സവപ്പറമ്പായി മാറി. വാദ്യമേളങ്ങളും ആര്‍പ്പുവിളികളുമായി ദ്വീപുവാസികള്‍ തങ്ങളുടെ സ്വപ്നസാഫല്യത്തെ നെഞ്ചിലേറ്റിയപ്പോള്‍ അത് കേരളത്തിന്റെ ഗതാഗത ചരിത്രത്തിലെ തന്നെ വികാരനിര്‍ഭരമായ അധ്യായമായി മാറുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി പെരുമ്പളം ദ്വീപ് ഉണരുന്നതും ഉറങ്ങുന്നതും ഈ ഉത്സവ ലഹരിയിലായിരുന്നു. ആഘോഷക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്നുവന്ന വിപുലമായ പരിപാടികളുടെ സമാപനമായി മുഖ്യമന്ത്രി പിണറായി വിജയന്‍ പാലം നാടിന് സമര്‍പ്പിക്കാനെത്തിയപ്പോള്‍ ജനങ്ങള്‍ ആവേശത്തോടെയാണ് ആ ചരിത്ര നിമിഷത്തെ വരവേറ്റത്. പുത്തന്‍ വസ്ത്രങ്ങളണിഞ്ഞെത്തിയ കൊച്ചുകുട്ടികള്‍ മുതല്‍ യുവാക്കളും വയോജനങ്ങളും വരെ ഒരേ ആവേശത്തോടെ പാലത്തിന് മുകളില്‍ തടിച്ചുകൂടി. പാലം ഔദ്യോഗികമായി തുറന്നുകൊടുത്തപ്പോള്‍ ഓരോ ദ്വീപുവാസിയുടെയും കണ്ണുകളില്‍ ആഹ്ലാദത്തിന്റെ നനവുണ്ടായിരുന്നു.

വികാരഭരിതമായ ഒട്ടേറെ നിമിഷങ്ങള്‍ക്കാണ് ഉദ്ഘാടന ദിനം സാക്ഷ്യം വഹിച്ചത്. പാലത്തിലൂടെ ആദ്യമായി നടന്ന് അക്കരെയെത്തിയവരുടെ മുഖത്ത് വിരിഞ്ഞ സന്തോഷം വാക്കുകള്‍ക്ക് അതീതമായിരുന്നു. ‘ഇനി ഞങ്ങള്‍ക്ക് സമയത്തിന് ആശുപത്രിയിലെത്താം, കുട്ടികള്‍ക്ക് പ്രയാസമില്ലാതെ സ്‌കൂളില്‍ പോകാം. ഈ പാലം ഞങ്ങളുടെ ജീവിതമാണ്,’ എന്ന് ഉദ്ഘാടനം നേരില്‍ കാണാന്‍ എത്തിയ തൊണ്ണൂറ് വയസ്സുള്ള നാരായണി മുത്തശ്ശി പറഞ്ഞ വാക്കുകള്‍ ദ്വീപിന്റെ മുഴുവന്‍ മനസ്സു പ്രതിഫലിപ്പിക്കുന്നതായി. വര്‍ഷങ്ങളായി ബോട്ട് യാത്രയെ മാത്രം ആശ്രയിച്ചിരുന്ന ഒരു ജനതയ്ക്ക് പാലം വലിയൊരു ആശ്വാസമാണ് പകരുന്നത്. യാത്രകള്‍ക്കായി മണിക്കൂറുകളോളം കായല്‍ക്കരയില്‍ കാത്തുനിന്നിരുന്ന കാലത്തിന് കൂടിയാണ് തിരശ്ശീല വീണത്.

 

ഉദ്ഘാടന ദിനത്തില്‍ ദ്വീപിലെ കുട്ടികള്‍ക്ക് പാലം പുതിയ കളിസ്ഥലം കൂടിയായി മാറി. സൈക്കിളോടിച്ചും സ്‌കേറ്റിംഗ് ചെയ്തും പാലത്തിലൂടെ ആവേശത്തോടെ സഞ്ചരിക്കുന്ന കുട്ടികളുടെ കാഴ്ച മനം നിറച്ചു. വാദ്യമേളങ്ങളും വര്‍ണ്ണക്കുടകളുമൊക്കെ ആഘോഷത്തിന് മാറ്റുകൂട്ടി.

ദ്വീപിലെ യുവാക്കള്‍ ഒത്തൊരുമിച്ച് പാലം കാണാനെത്തുന്നവര്‍ക്ക് ലഘുഭക്ഷണവും മധുരപലഹാരവും വെള്ളവുമൊക്കെ വിതരണം ചെയ്ത് ചരിത്രനിമിഷത്തെ വലിയ ജനകീയ കൂട്ടായ്മയാക്കി മാറ്റി. മറ്റുകരകളില്‍ നിന്നും വള്ളങ്ങളില്‍ പാലം കാണാന്‍ എത്തിയവരും സന്തോഷത്തില്‍ പങ്കുചേര്‍ന്നു. പെരുമ്പളം പഞ്ചായത്ത് സംഘടിപ്പിച്ച ലഹരി വിരുദ്ധ ബ്രിഡ്ജ് മാരത്തണ്‍, പഞ്ചാരിമേളം, രാജേഷ് ചേര്‍ത്തലയുടെ ഫ്‌ളൂട്ട് ഫ്യൂഷന്‍, സിബിന്‍ മാജിക് ബീറ്റ്സ് നയിച്ച ഫ്യൂഷന്‍ ഡിജെ എന്നിവയും ഉദ്ഘാടനത്തിനോടനുബന്ധിച്ച് അരങ്ങേറി. രാത്രിയില്‍ വര്‍ണ്ണദീപങ്ങളാല്‍ തിളങ്ങുന്ന പാലം കാണാന്‍ അയല്‍ ജില്ലകളില്‍ നിന്നുപോലും ആളുകള്‍ കൂട്ടമായി എത്തുന്നുണ്ട്.

 

 

*ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി കെഎസ്ആര്‍ടിസി*

 

ഉദ്ഘാടന ദിവസം തന്നെ ദ്വീപിലേക്ക് ബസ് സര്‍വീസ് ആരംഭിക്കും എന്ന് സര്‍ക്കാര്‍ നല്‍കിയ വാക്ക് പാലിച്ച് ‘പെരുമ്പളം ദ്വീപ്’ എന്ന ബോര്‍ഡ് വെച്ചെത്തിയ മൂന്ന് കെ.എസ്.ആര്‍.ടി.സി ബസുകള്‍ ജനങ്ങളുടെ ആവേശം ഇരട്ടിയാക്കി. നിറയെ യാത്രക്കാരുമായി പാലം കടക്കാനെത്തിയ ബസ് കൃഷിമന്ത്രി പി പ്രസാദും ദലീമ ജോജോ എംഎല്‍എയും ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്തതോടെ ആദ്യ സര്‍വീസിനും ഔദ്യോഗികമായി തുടക്കമായി. ഉദ്ഘാടനച്ചടങ്ങിന് ശേഷം നിറയെ യാത്രക്കാരുമായാണ് മൂന്ന് ബസും ചേര്‍ത്തലയിലേക്ക് ആദ്യ സര്‍വീസ് നടത്തിയത്.