Home » Blog » Kerala » നിയമസഭാ തിരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക്?; ലീഗ് സ്ഥാനാർത്ഥിപ്പട്ടികയിൽ വൻ അഴിച്ചുപണിക്ക് സാധ്യത
kunhalikutty-680x450

ദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച മുന്നേറ്റത്തിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും സീറ്റ് വെച്ചുമാറുന്നതുമായി ബന്ധപ്പെട്ട ചർച്ചകളും മുസ്ലിം ലീഗ് സജീവമാക്കി. ഗുരുവായൂർ കോൺഗ്രസിന് നൽകി പട്ടാമ്പി സീറ്റ് ലീഗ് ആവശ്യപ്പെട്ടേക്കും. കൂടാതെ, വിജയസാധ്യത കുറവായ തിരുവമ്പാടി, കുന്ദമംഗലം സീറ്റുകൾ കോൺഗ്രസിന് വിട്ടുനൽകി കൂടുതൽ സാധ്യതയുള്ള മറ്റ് സീറ്റുകൾ ഏറ്റെടുക്കുന്നതിനെക്കുറിച്ചും ലീഗ് ആലോചിക്കുന്നുണ്ട്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ മൂന്ന് ടേം വ്യവസ്ഥ കർശനമാക്കിയാൽ പി.കെ. ബഷീർ, കെ.പി.എ. മജീദ്, എൻ. ഷംസുദ്ദീൻ, മഞ്ഞളാംകുഴി അലി തുടങ്ങിയ പ്രമുഖ നേതാക്കൾക്ക് മാറിനിൽക്കേണ്ടി വരും. എന്നാൽ ഇവർക്ക് ഇളവ് നൽകുമോ എന്ന കാര്യത്തിൽ പാർട്ടി ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല.

മുസ്‌ലിം ലീഗിൽ യുവനേതൃത്വത്തിന് വലിയ പ്രാധാന്യം നൽകിക്കൊണ്ടുള്ള നിയമസഭാ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ സജീവമാകുന്നു. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസിനെ താനൂരിലും, യൂത്ത് ലീഗ് നേതാക്കളായ മുജീബ് കാടേരി, ഫൈസൽ ബാബു എന്നിവരെ മലപ്പുറത്തെ വിവിധ മണ്ഡലങ്ങളിലും മത്സരരംഗത്തിറക്കാനാണ് പാർട്ടിയുടെ ആലോചന. മഞ്ചേരി മണ്ഡലത്തിൽ ടി.പി. അഷ്റഫ് അലിയുടെ പേരും സജീവമായി പരിഗണിക്കുന്നുണ്ട്. ഇതിനിടെ, ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി തന്റെ സിറ്റിംഗ് സീറ്റായ വേങ്ങര വിട്ട് മലപ്പുറം മണ്ഡലത്തിൽ ജനവിധി തേടിയേക്കുമെന്ന വാർത്തകൾ ലീഗ് അണികളിലും രാഷ്ട്രീയ കേന്ദ്രങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്.

സംസ്ഥാന ഭാരവാഹികളായ പി.എം.എ. സലാം, ഷാഫി ചാലിയം, മുഹമ്മദ് ഷാ എന്നിവരും ഇത്തവണ മത്സരരംഗത്തുണ്ടാകുമെന്നാണ് സൂചന. കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ ഡോ. എം.കെ. മുനീറും, കൊടുവള്ളിയിൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസും സ്ഥാനാർത്ഥികളായേക്കും. കാസർകോട് മണ്ഡലത്തിൽ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജിയുടെ പേരിനാണ് മുൻഗണന. ഒപ്പം വള്ളിക്കുന്നിലെ നിലവിലെ എം.എൽ.എ പി. അബ്ദുൾ ഹമീദ് ഇത്തവണ മഞ്ചേരിയിൽ മത്സരിക്കാനുള്ള സാധ്യതകളും പാർട്ടി നേതൃത്വം പരിശോധിച്ചുവരികയാണ്.