Home » Blog » Kerala » ​”നിതീഷിനായി 9 പേരെ കൊലപ്പെടുത്തി”; ജെഡിയു എംഎൽഎയുടെ വിവാദ വെളിപ്പെടുത്തലിൽ ബിഹാറിൽ രാഷ്ട്രീയ പുകില്!
images (9)

ഡൽഹി: ബിഹാർ മുൻമുഖ്യമന്ത്രി നിതീഷ് കുമാറിനുവേണ്ടി ഒൻപതുപേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന ജെ.ഡി.യു എം.എൽ.എ. അനന്ത്കുമാർ സിങ്ങിന്റെ വെളിപ്പെടുത്തൽ ബിഹാർ രാഷ്ട്രീയത്തിൽ വൻ പൊട്ടിത്തെറിക്ക് വഴിവെച്ചു. വരാനിരിക്കുന്ന നിയമനിർമാണ കൗൺസിൽ തിരഞ്ഞെടുപ്പിൽ തന്റെ രാഷ്ട്രീയ എതിരാളിയായ നീരജ്കുമാറിനെ പാർട്ടി സ്ഥാനാർഥിയാക്കിയതിൽ പ്രകോപിതനായാണ് അനന്ത്കുമാർ ഗുരുതര പ്രസ്താവനകളുമായി രംഗത്തെത്തിയത്.

 

“നിതീഷ് കുമാറും ഞാനും തമ്മിലുള്ള ബന്ധത്തിന് നീണ്ടകാലത്തെ പഴക്കമുണ്ട്. അദ്ദേഹം രാഷ്ട്രീയത്തിൽ വേരൂന്നാൻ ബുദ്ധിമുട്ടിയിരുന്ന കാലത്ത് അദ്ദേഹത്തെ സഹായിക്കാനായി ഞാൻ ഒൻപതുപേരെ കൊലപ്പെടുത്തി,” എന്നായിരുന്നു അനന്ത് കുമാറിന്റെ വാക്കുകൾ. തനിക്കെതിരെ നിരന്തരം നിലപാടെടുത്ത നീരജ്കുമാറിന് സ്ഥാനാർത്ഥിത്വം നൽകിയതിനെയും അദ്ദേഹം ചോദ്യം ചെയ്തു. പ്രസ്താവന പുറത്തുവന്നതോടെ ലാലുപ്രസാദ് യാദവിന്റെ നേതൃത്വത്തിലുള്ള ആർ.ജെ.ഡി വിഷയത്തിൽ ശക്തമായി ഇടപെട്ടു. നിതീഷ് കുമാർ മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടന്ന ഒൻപത് കൊലപാതകങ്ങളെക്കുറിച്ചുള്ള കുറ്റസമ്മതമാണ് എം.എൽ.എ നടത്തിയതെന്ന് ആർ.ജെ.ഡി നേതാവ് ശക്തി സിങ് യാദവ് ആരോപിച്ചു. കുപ്രസിദ്ധ ക്രിമിനൽ സംഘങ്ങളുമായി ബന്ധം സ്ഥാപിച്ചുകൊണ്ടാണ് നിതീഷ് കുമാർ ഭരണം നടത്തിയതെന്നതിന്റെ തെളിവാണിതെന്നും ആർ.ജെ.ഡി കുറ്റപ്പെടുത്തി.

 

സംഭവം വലിയ തിരിച്ചടിയായതോടെ ജെ.ഡി.യു നേതൃത്വം പ്രസ്താവനയെ തള്ളപ്പറഞ്ഞു. ഇതിന് പിന്നാലെ എം.എൽ.എ തന്റെ വാദങ്ങൾ തിരുത്തി രംഗത്തെത്തി. ലാലു യാദവിന്റെ ഭരണകാലത്ത് താൻ ചെയ്ത ത്യാഗങ്ങളെക്കുറിച്ചാണ് സംസാരിച്ചതെന്നും, നിതീഷ് കുമാറിനെ പിന്തുണച്ചതിന്റെ പേരിൽ ലാലുവിന്റെ ആളുകൾ തന്റെ ഒൻപത് അനുയായികളെ കൊലപ്പെടുത്തുകയായിരുന്നു എന്നുമാണ് അനന്ത്കുമാർ സിങ് പിന്നീട് വിശദീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *