മുംബൈയിൽ നടന്ന ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ വളരെ ക്ഷീണിതനായി കാണപ്പെട്ടെന്ന ദൃശ്യങ്ങൾ പ്രചരിച്ചതോടെ, താരത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആരാധകർക്കിടയിൽ വലിയ ആശങ്ക ഉയർന്നിരുന്നു. സൽമാന് സുഖമില്ലെന്ന് തോന്നുന്നുവെന്ന് ചിലർ എക്സിൽ കുറിച്ചപ്പോൾ, ഇത് അദ്ദേഹത്തിന്റെ സാധാരണ ലുക്ക് മാത്രമാണെന്ന് മറ്റ് ചിലർ അഭിപ്രായപ്പെട്ടു. സാമൂഹികമാധ്യമങ്ങളിൽ തന്റെ ആരോഗ്യത്തെക്കുറിച്ച് അഭ്യൂഹങ്ങൾ ശക്തമായതോടെ, ആരാധകരുടെ ചോദ്യങ്ങൾക്ക് ഇൻസ്റ്റഗ്രാമിലൂടെ പരോക്ഷ പ്രതികരണവുമായി സൽമാൻ ഖാൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
ഡെനിം ജാക്കറ്റും കൗബോയ് തൊപ്പിയും ധരിച്ചുള്ള തന്റെ പുതിയ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ പങ്കുവെച്ച താരം, “നിങ്ങളുടെയൊക്കെ ആരോഗ്യം എങ്ങനെയുണ്ട്?” എന്ന അടിക്കുറിപ്പോടെയാണ് ഇതിന് മറുപടി നൽകിയത്. മുംബൈയിലെ സ്ലം റീഹാബിലിറ്റേഷൻ അതോറിറ്റിയുടെ പുതിയ ഐ.ടി സെർവർ റൂം ഉദ്ഘാടന ചടങ്ങിലായിരുന്നു സൽമാൻ പങ്കെടുത്തത്. ഇവിടെ ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും ഗുണഭോക്താക്കൾക്കുള്ള വീടിന്റെ താക്കോലുകൾ കൈമാറുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയായിരുന്നു പ്രചാരണങ്ങൾ ഉയർന്നത്.
