ആദായനികുതി റീഫണ്ട് ലഭിക്കാൻ കാത്തിരിക്കുന്ന നികുതിദായകർക്കിടയിൽ പുതിയ ആശങ്ക വിതച്ച് ആദായനികുതി വകുപ്പിന്റെ ഇമെയിലുകളും സന്ദേശങ്ങളും. നികുതി റിട്ടേണിലെ പൊരുത്തക്കേടുകൾ പരിഹരിക്കാൻ ഡിസംബർ 31 വരെ സമയം നൽകിക്കൊണ്ടാണ് വകുപ്പിന്റെ മുന്നറിയിപ്പ്. എന്നാൽ സന്ദേശങ്ങളിൽ കൃത്യമായ വിവരങ്ങൾ ഇല്ലാത്തത് നികുതിദായകരെ വലിയ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്.
എന്താണ് ഈ സന്ദേശത്തിന് പിന്നിൽ? നികുതി വിദഗ്ധരുടെ അഭിപ്രായത്തിൽ, പ്രധാനമായും താഴെ പറയുന്ന സാഹചര്യങ്ങളിലാണ് ഇത്തരം അലേർട്ടുകൾ ലഭിക്കുന്നത്.
ഫോം 16-ലെ വിവരങ്ങളും ഐടിആറിൽ ക്ലെയിം ചെയ്ത കിഴിവുകളും തമ്മിൽ പൊരുത്തക്കേടുണ്ടെങ്കിൽ.
രാഷ്ട്രീയ പാർട്ടികൾക്കുള്ള സംഭാവനകൾ, വിദേശ ആസ്തികൾ എന്നിവയിൽ വ്യക്തത കുറവുണ്ടെങ്കിൽ.
രേഖകളില്ലാതെ ഉയർന്ന തുക റീഫണ്ട് ക്ലെയിം ചെയ്തിട്ടുണ്ടെങ്കിൽ.
ആശയക്കുഴപ്പം വർദ്ധിക്കുന്നു സന്ദേശത്തിൽ പറയുന്ന ‘പെൻഡിംഗ് ആക്ഷൻ’ ലിങ്ക് പലർക്കും പോർട്ടലിൽ കാണാൻ സാധിക്കുന്നില്ലെന്നതാണ് പ്രധാന പരാതി. വിവരങ്ങൾ ഇമെയിൽ വഴി അയക്കുമെന്ന് സന്ദേശത്തിലുണ്ടെങ്കിലും പലർക്കും അത്തരം മെയിലുകൾ ലഭിച്ചിട്ടില്ല. നിലവിൽ പോർട്ടലിൽ ലോഗിൻ ചെയ്യുമ്പോൾ റിട്ടേൺ പരിഷ്കരിക്കാനോ, ഫയൽ ചെയ്തത് ശരിയാണെന്ന് സ്ഥിരീകരിക്കാനോ ഉള്ള ഓപ്ഷനുകൾ മാത്രമാണ് പലർക്കും ലഭ്യമാകുന്നത്.
വിദഗ്ധരുടെ ഉപദേശം നികുതിദായകർ പരിഭ്രാന്തരാകേണ്ടതില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നിങ്ങൾ നൽകിയ വിവരങ്ങൾ കൃത്യമാണെന്നും എല്ലാ കിഴിവുകൾക്കും വ്യക്തമായ രേഖകളുണ്ടെന്നും ഉറപ്പുണ്ടെങ്കിൽ ഉടനടി നടപടികൾ ആവശ്യമില്ല. എന്നാൽ, അറിഞ്ഞോ അറിയാതെയോ തെറ്റായ വിവരങ്ങൾ നൽകിയിട്ടുണ്ടെങ്കിൽ ഡിസംബർ 31-നകം റിട്ടേൺ പരിഷ്കരിക്കുന്നതാണ് ഉചിതം. ഈ തീയതിക്ക് ശേഷം വരുത്തുന്ന മാറ്റങ്ങൾക്ക് പിഴയോ അധിക നികുതിയോ നൽകേണ്ടി വന്നേക്കാം. അതുകൊണ്ട്, ആദായനികുതി പോർട്ടലിലെ ‘വർക്ക്ലിസ്റ്റ്’ പതിവായി പരിശോധിക്കാനും കൃത്യമായ രേഖകൾ സൂക്ഷിക്കാനും നികുതിദായകർ ശ്രദ്ധിക്കണം.
