റിമ കല്ലിങ്കൽ നായികയായ ‘തിയേറ്റർ ദ് മിത്ത് ഓഫ് റിയാലിറ്റി’ എന്ന സിനിമയിലെ പ്രാണിയുടെ കുത്തേറ്റ പ്രോസ്തെറ്റിക് മേക്കപ്പ് വീഡിയോ പുറത്തുവിട്ട് ചിത്രത്തിന്റെ മേക്കപ്പ് ആർട്ടിസ്റ്റ്. സിനിമ മികച്ച പ്രേക്ഷക- നിരൂപ പ്രശംസകൾ നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഈ ചിത്രത്തിലെ അഭിനയത്തിന് റിമയ്ക്ക് ഈ വർഷത്തെ മികച്ച നടിക്കുള്ള ഫിലിം ക്രിട്ടിക്സ് പുരസ്കാരവും ലഭിച്ചിരുന്നു.
സിനിമയിലെ ഏറ്റവും പ്രധാനപെട്ട രംഗങ്ങളിൽ ഒന്നായിരുന്നു റിമയുടെ കഥാപാത്രത്തിന് ഒരു പ്രാണിയുടെ കുത്തേൽക്കുന്നതും തുടർന്ന് ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങളും. അതുമായി ബന്ധപ്പെട്ടുള്ള പ്രോസ്തെറ്റിക് മേക്കപ്പ് വീഡിയോയാണ് ചിത്രത്തിന്റെ മേക്കപ്പ് ആർട്ടിസ്റ്റായ സേതു ശിവാനന്ദൻ പുറത്തുവിട്ടിരിക്കുന്നത്. ഓരോ ദിവസവും 4 മണിക്കൂർ നീണ്ടു നിന്ന മേക്കപ്പ് ആണ് റിമ ചെയ്തതെന്നാണ് സേതു പറയുന്നത്. നിരവധി പേരാണ് പ്രശംസകളുടെ വീഡിയോക്ക് താഴെ എത്തുന്നത്.
റിമ കല്ലിങ്കൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ആഗോള ചലച്ചിത്രമേള സർക്യൂട്ടുകളിൽ ഇതിനോടകം തന്നെ ചിത്രം ശ്രദ്ധനേടിക്കഴിഞ്ഞു. കാൻ ചലച്ചിത്രമേളയിൽ വച്ച് ചിത്രത്തിന്റെ ട്രെയിലർ ഔദ്യോഗികമായി പുറത്തിറക്കിയിരുന്നു. കൂടാതെ, റഷ്യയിലെ കസാൻ ചലച്ചിത്രമേളയിലും ചിത്രം പ്രദർശനത്തിന് ഒരുങ്ങുകയാണ്. ‘ബിരിയാണി’ എന്ന ചിത്രത്തിന് ശേഷം സജിൻ ബാബുവിന്റെ തനതും ശക്തവുമായ സിനിമാശൈലി ഈ ചിത്രത്തിലും കാണാൻ സാധിക്കും. അഞ്ജന ടാക്കീസിന്റെ ബാനറിൽ അഞ്ജന ഫിലിപ്പ്, ഫിലിപ്പ് സക്കറിയ എന്നിവർ നിർമിച്ച ചിത്രത്തിന്റെ സഹനിർമാണം നിർവഹിച്ചിരിക്കുന്നത് സന്തോഷ് കോട്ടായി ആണ്.
