ഇൻഡോർ: വനിതാ ലോകകപ്പിൽ കളിക്കുന്ന ഓസ്ട്രേലിയൻ വനിതാ ടീമിലെ രണ്ട് താരങ്ങൾക്കാണ് മധ്യപ്രദേശിലെ ഇൻഡോറിൽ വെച്ച് ലൈംഗികാതിക്രമം നേരിട്ടത്. ഒരു കഫേയിൽ നിന്ന് ടീം താമസിക്കുന്ന ഹോട്ടലിലേക്ക് മടങ്ങുകയായിരുന്ന താരങ്ങൾക്കുനേരെയാണ് അതിക്രമം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ പോലീസ് പിടികൂടി.
വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. ഓസ്ട്രേലിയൻ ടീമിന്റെ സുരക്ഷാ മാനേജരായ ഡാനി സിമൺസ് എം.ഐ.ജി. പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഉടൻതന്നെ അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് അക്രമിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു
ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇന്ന് ഓസ്ട്രേലിയൻ വനിതാ ടീം ന്യൂസിലൻഡിനെ നേരിടാനിരിക്കുകയാണ്. ഈ മത്സരത്തിനായി ഇൻഡോറിലെത്തിയ ടീം അംഗങ്ങൾക്കുനേരെയാണ് അതിക്രമം നടന്നത്.
