കൊച്ചി: കുംഭമേള വൈറൽ താരത്തിന് സുരക്ഷ ഉറപ്പാക്കാൻ പൊലീസിന് ഹൈക്കോടതിയുടെ നിർദേശം. കേരളത്തിൽ ആയതുകൊണ്ടാണ് ജീവനോടെയിരിക്കുന്നതെന്നും മധ്യപ്രദേശിൽ പോയാൽ ദുരഭിമാനക്കൊല ചെയ്യുമെന്ന് ഭീഷണിയുണ്ടെന്നും പെണ്‍കുട്ടി കോടതിയെ അറിയിച്ചിരുന്നു. സെൻട്രൽ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒയ്ക്കാണ് ഹൈക്കോടതി നിർദേശം നൽകിയത്. ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് പെൺകുട്ടി നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.
തനിക്ക് പ്രായപൂർത്തിയായെന്നാണ് പെണ്‍കുട്ടി അവകാശപ്പെടുന്നത്. എന്നാല്‍, പെണ്‍കുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നാണ് മധ്യപ്രദേശ് സർക്കാരിന്റെ വാദം. കഴിഞ്ഞ മാർച്ച് 11 ന് തിരുവനന്തപുരത്തെ അരുമാനൂർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിൽ വെച്ചായിരുന്നു കുംഭമേള വൈറൽ താരത്തിന്റെ വിവാഹം. വിവാഹം കഴിക്കുമ്പോള്‍ പെണ്‍കുട്ടിക്ക് 16 വയസ് മാത്രമേ പ്രായമുള്ളൂ എന്നായിരുന്നു ദേശീയ പട്ടിക വര്‍ഗ കമ്മീഷന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്.
