പത്തുവര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ കീഴൂര്‍ സ്വദേശി വസന്തന്റെ മനസ്സില്‍ ആശങ്കകളേക്കാള്‍ കൂടുതല്‍ പ്രതീക്ഷകളായിരുന്നു. ആ പ്രതീക്ഷകള്‍ക്ക് കരുത്തേകാന്‍ നോര്‍ക്കയുടെ കൈത്താങ്ങ് കൂടിയായപ്പോള്‍ കീഴൂരില്‍ പിറന്നത് വിജയഗാഥ. ഇന്ന് നാട്ടിലെ വിജയകരമായ ഇലക്ട്രിക് ആന്‍ഡ് പ്ലംബിംഗ് സ്ഥാപനമാണ് വസന്തന്റെ വി.ആര്‍ ഇലക്ട്രിക്കല്‍സ്. നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് പ്രൊജക്റ്റ് ഫോര്‍ റിട്ടേണ്‍ എമിഗ്രന്റ്‌സ് (NDPREM) പദ്ധതിയാണ് വസന്തന്റ ജീവിതത്തിന് നിറമേകിയത്. സുഹൃത്തും പ്രവാസിയുമായ രാജശേഖരന്‍ കൂട്ടിനെത്തിയപ്പോള്‍ ഇരട്ടി മധുരം. നാല് വര്‍ഷത്തിലേറെയായി കീഴൂരില്‍ ഇലക്ട്രിക്കല്‍സ് സ്ഥാപനം ഇന്ന് ലാഭകരമായ നിലയിലാണ് മുന്നോട്ടുപോകുന്നത്. മികച്ച സേവനവും കൃത്യതയും മുഖമുദ്രയാക്കിയ ഈ സ്ഥാപനം പ്രദേശവാസികള്‍ക്കിടയില്‍ ഇതിനോടകം വിശ്വാസ്യത നേടിക്കഴിഞ്ഞു. കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് സ്വന്തമായി വരുമാനം കണ്ടെത്താന്‍ പിന്തുണ ആവുകയാണ് നോര്‍ക്ക റൂട്ട്സ്. പ്രവാസികള്‍ക്കായി നടപ്പിലാക്കുന്ന ‘നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്റ്‌സ്’ (NDPREM) എന്ന പദ്ധതിയിലൂടെയാണ് സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സാമ്പത്തിക സഹായം നല്‍കുന്നത്.
നാട്ടില്‍ തിരിച്ചെത്തിയ ശേഷം എന്ത് ചെയ്യുമെന്നറിയാതെ വിഷമിക്കുന്നവര്‍ക്ക് ആശ്വാസമാവുകയാണ് പദ്ധതി. കാര്‍ഷികം, മത്സ്യബന്ധനം, മൃഗസംരക്ഷണം, വാണിജ്യം, ചെറുകിട വ്യവസായം, സേവന മേഖല, നിര്‍മ്മാണ മേഖല, ബിസിനസ്സ് തുടങ്ങിയ വിവിധ മേഖലകളില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ഈ പദ്ധതിയിലൂടെ സഹായം ലഭിക്കും. മുപ്പത് ലക്ഷം രൂപ വരെയുള്ള പദ്ധതികള്‍ക്കാണ് വായ്പ അനുവദിക്കുക. ആദ്യ നാല് വര്‍ഷത്തേക്ക് 15% മൂലധന സബ്സിഡിയും മൂന്ന് ശതമാനം പലിശ സബ്സിഡിയും ലഭിക്കും. സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ അടിസ്ഥാന പരിശീലനവും, ബിസിനസ്സ് പ്രോജക്ട് രേഖകള്‍ തയ്യാറാക്കുന്നതിനുള്ള സഹായവും സര്‍ക്കാര്‍ ഏജന്‍സിയായ സി.എം.ടി വഴി നോര്‍ക്ക ഉറപ്പുവരുത്തുന്നുണ്ട്. പദ്ധതി കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി 19 പ്രമുഖ ധനകാര്യ സ്ഥാപനങ്ങളുമായി നോര്‍ക്ക ധാരണാപത്രത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. അപേക്ഷകര്‍ക്ക് താല്‍പ്പര്യമുള്ള ധനകാര്യ സ്ഥാപനം തിരഞ്ഞെടുക്കാവുന്നതാണ്. നോര്‍ക്ക റൂട്ട്സ് പരിശോധിച്ചു ശുപാര്‍ശ ചെയ്യുന്ന അപേക്ഷകളില്‍, അതത് ബാങ്കുകള്‍ നടത്തുന്ന സാധ്യതാ പഠനത്തിന് ശേഷമായിരിക്കും വായ്പ അനുവദിക്കുക. നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്ക് മികച്ചൊരു വരുമാന മാര്‍ഗ്ഗം കണ്ടെത്താനും, പദ്ധതി അവസരമൊരുക്കുന്നു.
