കോന്നി- വെട്ടൂര്‍- കൊന്നപ്പാറ റോഡ് ഉദ്ഘാടനം ചെയ്തു.
നവകേരളം എന്നത് സങ്കല്പമല്ല യാഥാർത്ഥ്യമാക്കാൻ ഉള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസിത രാജ്യങ്ങളുടെ ജീവിത നിലവാരത്തിനൊപ്പം കേരളത്തെ എത്തിക്കുകയാണ് ലക്ഷ്യം. സർവതല സ്പർശിയായ വികസനമാണ് ആവശ്യം. ജനങ്ങളുടെ പിന്തുണയിലൂടെയാണ് വലിയ തോതിലുള്ള വികസനം നടന്നത്. നാടിന്റെയും ജനത്തിന്റെയും ഐക്യമാണ് പ്രതിസന്ധികളിൽ അതിജീവനം സാധ്യമാക്കിയത്. കോന്നി- വെട്ടൂര്‍- കൊന്നപ്പാറ റോഡ് ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കിഫ്ബിയിലൂടെ സംസ്ഥാനത്ത് കൂടുതൽ വികസനം നടന്നു.
2016 ലാണ് സംസ്ഥാന സർക്കാർ കിഫ്ബിയെ പുനരുജ്ജീവിപ്പിച്ചത്. സംസ്ഥാനത്ത് പാലം, ഓവർ ബ്രിഡ്ജ്, ഫ്ലൈ ഓവർ തുടങ്ങിയവയിലൂടെ കൂടുതൽ വികസനം സാധ്യമാക്കി. മലയോര, തീരദേശ ഹൈവേ നിർമാണം പൂർത്തിയാകുന്നു. പൊതുവിദ്യാഭ്യാസ മേഖലയുടെ സംരക്ഷണത്തിന് സംസ്ഥാന സർക്കാർ 5000 കോടി രൂപ ചെലവഴിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടപ്പാക്കി.
ആർദ്രം മിഷൻ പദ്ധതിയിലൂടെ സാധാരണക്കാർക്ക് മികച്ച ചികത്സ സൗകര്യം ഒരുക്കി. കേരളത്തിലെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറി.
താലൂക്ക് ആശുപത്രി മുതൽ മെഡിക്കൽ കോളേജ് വരെ പലവിധത്തിലുള്ള സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യം ഒരുക്കി.
സംസ്ഥാനത്ത് നവജാത ശിശു മരണ നിരക്ക്, മാതൃ മരണനിരക്കിലും ഗണ്യമായ കുറവുണ്ടായി.
വിവിധ മേഖലകളിൽ 90,000 കോടി രൂപയുടെ വികസനം കിഫ്ബി വഴി ഏറ്റെടുത്തു.
മികച്ച രീതിയിലുള്ള പുനരധിവാസമാണ് ചൂരൽമലയിൽ ഒരുങ്ങുന്നത്. പാവപ്പെട്ടവരെ ചേർത്തു പിടിക്കുന്ന നയമാണ് സർക്കാരിന്റേത്.
നാടിൻ്റെ വികസനത്തിനും ഭാവിക്കും ആവശ്യമായ പദ്ധതികൾക്കാണ് സർക്കാർ പ്രധാന്യം നൽകുന്നത്. വീട്ടമ്മമാർക്ക് പ്രതിമാസം 1000 രൂപ നൽകുന്ന സ്ത്രീ സുരക്ഷ പദ്ധതി സംസ്ഥാനത്ത് ആരംഭിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് കിഫ്ബിയിലൂടെ പാലം , റോഡ്, കെട്ടിടം തുടങ്ങിയവയുടെ നിർമാണം സാധ്യമായതായി അധ്യക്ഷൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാന സർക്കാർ കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ 150 ൽ അധികം പാലങ്ങളുടെ നിർമാണം പൂർത്തിയാക്കി. സർക്കാരിൻ്റെ വികസന പദ്ധതികളിലൂടെ ജനങ്ങളുടെ ജീവിതത്തിൽ മാറ്റം ഉണ്ടായതായും മന്ത്രി പറഞ്ഞു.
കെ.യു ജനീഷ് കുമാർ എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്തു. മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ്, വൈസ് പ്രസിഡന്റ് എ ശ്യാംലാൽ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ ആർ ശ്യാമള, അംഗങ്ങളായ മലയാലപ്പുഴ മോഹനൻ, പ്രീജ പി. നായർ, എൻ വളർമതി, എൻ എസ് ശശിലത, എം നാഗൂർ മീര, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ സജികുമാർ, കെ എ പ്രസാദ് എന്നിവർ പങ്കെടുത്തു. പൊതുമരാമത്ത് നിരത്ത് വിഭാഗം ചീഫ് എഞ്ചിനീയർ അജിത്ത് രാമചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. എക്സിക്യൂട്ടീവ് എഞ്ചിനീയർ ജി ബാബുരാജൻ നന്ദി പറഞ്ഞു.
കോന്നി നിയോജക മണ്ഡലത്തിലൂടെ കടന്നു പോകുന്നതും പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന്റെ അധീനതയിലുള്ളതുമായ 9.9 കി.മീ ദൈർഘ്യമുള്ള മൂന്ന് റോഡുകളാണ് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചത്.
നവീകരിച്ച സഞ്ചയത്ത് കടവ് പാലം അപ്രോച്ച് റോഡ്, കുമ്പഴ വെട്ടൂർ വഴി കോന്നി റോഡ് എന്നിവ പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന പാതയുടെ പ്രധാന സമാന്തര പാതയാണ്. കോന്നി, മലയാലപ്പുഴ, വടശ്ശേരിക്കര പഞ്ചായത്തുകളുമായി ബന്ധിപ്പിക്കുന്നു. ചാങ്കൂർ അതുമ്പുംകുളം റോഡ് ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ അടവി, തണ്ണിത്തോട് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡാണ്. റോഡുകളുടെ മോശമായ ഭാഗങ്ങൾ പൂർണമായും ജി എസ് ബി, ഡബ്ല്യു എം എം, ബി എം, ബി സി നൽകിയും ബാക്കി ബി സി ഓവർലേയിലൂടെയുമാണ് പൂർത്തിയാക്കിയത്. അവശ്യ ഭാഗങ്ങളിൽ ഐറിഷ് ഓടകളും, ട്രാഫിക് സേഫ്റ്റി ഉപാധികളായ ലൈൻ മാർക്കിങ്ങുകൾ, സ്റ്റഡുകൾ എന്നിവയും നൽകിയിട്ടുണ്ട്.
