തിരുവനന്തപുരം: ആലപ്പുഴയിലെ മർദനത്തിൽ മുൻ മുഖ്യമന്ത്രിയുടെ ഗൺമാനായ അനിലിനെയും സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപിനെയും ചോദ്യം ചെയ്യാനുള്ള നീക്കം തടഞ്ഞത് എം. ആർ അജിത് കുമാറെന്ന് മൊഴി. ഇരുവരെയും ആലപ്പുഴയിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യാനായിരുന്നു തീരുമാനം. തെളിവ് ശേഖരണത്തിനും അജിത് കുമാർ തടസ്സം നിന്നതായും മൊഴിയുണ്ട്. അഞ്ച് ഉദ്യോഗസ്ഥരാണ് അജിത് കുമാറിനെതിരെ മൊഴി നൽകിയത്.
സംഭവത്തിൽ കേസ് അട്ടിമറിക്കാൻ ശ്രമിച്ചത് എഡിജിപി അജിത് കുമാറാണെന്ന് എസ്ഐടി പ്രാഥമിക റിപ്പോർട്ടിലുണ്ടായിരുന്നു. കേസ് ഡയറി തിരുത്താൻ അന്വേഷണച്ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയെന്നും റിപ്പോർട്ട് തിരുത്താൻ ആലപ്പുഴ ഡിവൈഎസ്പി സുനിൽ രാജിനെ എഡിജിപിയുടെ ഓഫീസിലേക്ക് മൂന്ന് തവണ രഹസ്യമായി വിളിച്ചുവരുത്തിയെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. ഗൺമാൻമാരുടെ മർദനം ചട്ടവിരുദ്ധവും ക്രിമിനൽ കുറ്റവുമാണെന്ന റിപ്പോർട്ടാണ് തിരുത്തിയത്. മുൻ ആലപ്പുഴ എസ്.പി നൽകിയ റിപ്പോർട്ടും അന്നത്തെ ആഭ്യന്തര വകുപ്പ് പൂഴ്ത്തിവെച്ചതായും പുതിയ അന്വേഷണത്തിൽ സംഘം കണ്ടെത്തിയിരുന്നു.
