ട്രൈബല്‍ മള്‍ട്ടി പര്‍പ്പസ് സെന്റര്‍ മലപ്പുറത്ത് സജ്ജം
സംസ്ഥാനത്തെ ആദ്യത്തെ ട്രൈബല്‍ ഹബ്ബ് (ട്രൈബല്‍ മള്‍ട്ടി പര്‍പ്പസ് സെന്റര്‍) മലപ്പുറം വാളാംന്തോട്ടില്‍ സജ്ജമായി. ദുര്‍ഘട മേഖലയിലുള്ള ആദിവാസി നഗറുകളില്‍ സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിനായി ആരോഗ്യ വകുപ്പിന് കീഴില്‍ അനുവദിച്ച കേരളത്തിലെ ആദ്യത്തെ ട്രൈബല്‍ മള്‍ട്ടിപര്‍പ്പസ് സെന്ററാണ് മലപ്പുറം ജില്ലയിലെ ചാലിയാര്‍ പഞ്ചായത്തിലെ വാളംന്തോട് ട്രൈബല്‍ ഹബ്ബ്.
വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങളും അടിസ്ഥാന സൗകര്യങ്ങളും എത്തിപ്പെടാന്‍ പ്രയാസമുള്ള ഉള്‍നാടന്‍ ഗോത്രവര്‍ഗ മേഖലകളില്‍ എല്ലാ സേവനങ്ങളും ഒരൊറ്റ മേല്‍ക്കൂരയ്ക്ക് കീഴില്‍ ലഭ്യമാക്കുക എന്നതാണ് ഈ സെന്ററിന്റെ ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നിലവില്‍ ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ മുഖേനെ ലഭിച്ചുവരുന്ന സേവനങ്ങള്‍ക്ക് പുറമേ മറ്റ് സേവനങ്ങളും ഈ ഹബ്ബിലൂടെ നല്കുന്നു. ആരോഗ്യവകുപ്പ്, ഐ.സി.ഡി.എസ്, ഐ.ടി.ഡി.പി, തദ്ദേശ സ്വയംഭരണ വകുപ്പ് തുടങ്ങിയ വകുപ്പുകളുടെ ഏകോപനത്തോടെയാണ് ഈ സെന്ററിന്റെ പ്രവര്‍ത്തനം. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സിന്റെ സേവനവും ഉറപ്പുവരുത്തും. കൂടാതെ വാളാന്തോട് മേഖലയിലെ ആദിവാസി നഗറുകളിലെ ഊരുമിത്രം ആശമാര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍ തുടങ്ങിയവരും ഈ കേന്ദ്രവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ചാലിയാര്‍ ഗ്രാമപഞ്ചായത്തില്‍ മലപ്പുറം കോഴിക്കോട് ജില്ലകളുടെ അതിര്‍ത്തി പങ്കിടുന്ന മലയോര പ്രദേശമാണ് വാളംന്തോട്. ദുര്‍ഘട മേഖലയിലുള്ള ആദിവാസി നഗറുകളായ വെണ്ടേക്കുംപൊയില്‍, അമ്പുമല, സുപ്രീംനഗര്‍, തോട്ടപ്പള്ളി, നായാടംപൊയില്‍, കണ്ടിലപ്പാറ എന്നീ ട്രൈബല്‍ നഗറുകളില്‍ നിന്നും 37 കിലോമീറ്റര്‍ യാത്ര ചെയ്തുവേണം ചാലിയാര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് എത്താന്‍. ചുരം റോഡ് വഴിയുള്ള ഗതാഗത സൗകര്യം വളരെ കുറവായതിനാല്‍ ഈ നഗറുകളിലെ ഗോത്ര ജനവിഭാഗങ്ങള്‍ക്ക് ചികിത്സാ സൗകര്യം ലഭ്യമാക്കുക എന്നത് കഠിനമായിരുന്നു. ഈ പ്രയാസങ്ങള്‍ തിരിച്ചറിഞ്ഞാണ് 67.5 ലക്ഷം രൂപ ചെലവഴിച്ച് സമഗ്ര ആരോഗ്യ പരിരക്ഷയ്ക്കായി കെട്ടിടം നിര്‍മ്മിച്ചത്.
ഗോത്രവര്‍ഗ ജനവിഭാഗങ്ങളെ സര്‍ക്കാര്‍ മേഖലയിലുള്ള വിവിധ സ്വയംതൊഴില്‍ പരിശീലന കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിനും അഭ്യസ്തവിദ്യരായ ഗോത്ര ജനതയ്ക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച് സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ തൊഴില്‍ കണ്ടെത്തുന്നതിനും ഈ സെന്റര്‍ സഹായിക്കുന്നു.
