
യുഎൻ : ദാവൂദ് ഇബ്രാഹിം ഇന്ത്യയിൽ കഴിയുന്നു എന്ന യുഎൻ റിപ്പോർട്ടിലെ പരാമർശം തികച്ചും തെറ്റാണെന്ന് ഇന്ത്യ യുഎന്നിൽ വ്യക്തമാക്കി. യുഎൻ പ്രത്യേക റിപ്പോർട്ടർ ബെൻ സൗളിന്റെ ജൂലൈ റിപ്പോർട്ടിനെ, യുഎന്നിലെ ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി രാഘു പുരി ശക്തമായ ഭാഷയിൽ തിരുത്തുകയായിരുന്നു. ആഗോള സ്ഥാപനത്തിന് അപകീർത്തി വരുത്തുന്ന ഇത്തരം അസത്യങ്ങൾക്ക് ഉത്തരവാദിത്തമുള്ളവർ മറുപടി പറയണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
2003-ൽ യുഎൻ ദാവൂദ് ഇബ്രാഹിമിനെ പട്ടികപ്പെടുത്തുന്നതിന് വളരെ മുൻപേ അയാൾ ഇന്ത്യ വിട്ടിരുന്നതായി രാഘു പുരി ചൂണ്ടിക്കാട്ടി. നിലവിൽ ഒസാമ ബിൻ ലാദനെ കണ്ടെത്തിയ പാക്കിസ്ഥാനിലെ അബോട്ടാബാദിലാണ് ദാവൂദ് താമസിക്കുന്നതെന്നും പുരി വെളിപ്പെടുത്തി. 1993 മുതൽ ഇബ്രാഹിം ഇന്ത്യ തേടുന്ന പിടികിട്ടാപ്പുള്ളിയാണെന്ന വസ്തുത റിപ്പോർട്ടിൽ ഉൾപ്പെടുത്താത്തതിനെയും ഇന്ത്യ വിമർശിച്ചു. അതിർത്തി കടന്നുള്ള തീവ്രവാദം ഒരു ഔദ്യോഗിക നയമായി സ്വീകരിക്കുന്ന പരാജയപ്പെട്ട രാജ്യമാണ് പാക്കിസ്ഥാനെന്ന് രാഘു പുരി പറഞ്ഞു.
26/11 മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ടവർ ഉൾപ്പെടെ നിരവധി തീവ്രവാദികൾ പതിറ്റാണ്ടുകളായി പാക്കിസ്ഥാനിൽ ഒളിവിൽ കഴിയുന്നുണ്ടെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. ആഗോള സമൂഹം പാക്കിസ്ഥാനുള്ള സാമ്പത്തിക സഹായം തടയുന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിച്ചപ്പോൾ മാത്രമാണ്, അതും ഇടയ്ക്കിടെ, പാക്കിസ്ഥാൻ അധികൃതർ പ്രതീകാത്മക നടപടികൾ സ്വീകരിച്ചതെന്നും ഇന്ത്യ പറഞ്ഞു. റിപ്പോർട്ടിന്റെ വിവിധ ഭാഗങ്ങളിലെ പക്ഷപാതിത്വം ഇന്ത്യയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് രാഘു പുരി അറിയിച്ചു.
തീവ്രവാദത്തെ പിന്തുണയ്ക്കുന്നവർ തങ്ങളുടെ തെറ്റായ പ്രവൃത്തികളെ ന്യായീകരിക്കാൻ മനുഷ്യാവകാശത്തെയും തീവ്രവാദ വിരുദ്ധ സംവിധാനങ്ങളെയും ഉപയോഗിക്കുന്നത് ഒരു പുതിയ പ്രവണതയായി മാറിയതായും പുരി അഭിപ്രായപ്പെട്ടു. തീവ്രവാദത്തെ ഒരു കാരണവശാലും ന്യായീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
