തൊഴിൽ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഫെഡറൽ സംവിധാനത്തിന് കോട്ടം തട്ടാതെയുമുള്ള വികസന കാഴ്ചപ്പാട് രൂപപ്പെടുന്നതിനും എല്ലാവരും ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ ലേബർ കോൺക്ലേവ് 2025 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
രാജ്യത്തെ തൊഴിൽ മേഖല ചരിത്രപരമായ ഒരു സന്നിഗ്ധ ഘട്ടത്തിലൂടെ, ഒരുപക്ഷേ സ്വാതന്ത്ര്യാനന്തരം നമ്മുടെ രാജ്യം കണ്ടിട്ടുള്ളതിൽ ഏറ്റവും വലിയ വെല്ലുവിളി നിറഞ്ഞ ഒരു കാലഘട്ടത്തിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് സംസ്ഥാന തൊഴിൽ വകുപ്പ് ഇത്തരമൊരു വിപുലമായ ലേബർ കോൺക്ലേവ് സംഘടിപ്പിച്ചിരിക്കുന്നത്. ഇത് കേവലമായ ഒരു ഔദ്യോഗിക പരിപാടിയായി ചുരുക്കി കാണേണ്ട ഒന്നല്ല. മറിച്ച് തൊഴിലാളി സമൂഹത്തിന്റെ അവകാശങ്ങളും അന്തസ്സും അസ്തിത്വവും സംരക്ഷിക്കുന്നതിനുള്ള നിയമപരവും രാഷ്ട്രീയപരവും ജനാധിപത്യപരവുമായ പ്രതിരോധ രീതിയായി ഇതിനെ കാണേണ്ടതാണ്.
ആഗോളതലത്തിൽ തന്നെ മൂലധന ശക്തികളും തൊഴിൽ ശക്തികളും തമ്മിലുള്ള അസമത്വം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. അത്തരം ഒരു കാലഘട്ടത്തിൽ തൊഴിലാളി വർഗ്ഗത്തിന്റെ പക്ഷത്തു നിന്ന് സംസാരിക്കുക, അവരുടെ ആശങ്കകൾ പങ്കുവെക്കുക, അവർക്കൊപ്പം നിൽക്കുക എന്നത് ഒരു ജനാധിപത്യ സർക്കാരിന്റെ രാഷ്ട്രീയവും ധാർമികവുമായ ചുമതലയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നമുക്ക് ചുറ്റുമുള്ള ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. സാങ്കേതിക വിദ്യയിലും ഉൽപാദന രീതികളിലും മാറ്റം വരുന്നു. എന്നാൽ ഈ മാറ്റങ്ങൾ ആർക്കുവേണ്ടിയാണ് എന്ന ചോദ്യം പ്രസക്തമാകുന്നു. അത് ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്താനാണോ അതോ ചുരുക്കം ചില കോർപ്പറേറ്റുകളുടെ ലാഭം പെരുപ്പിക്കാനാണോ എന്നതാണ് ചോദ്യം. തൊഴിൽ ശക്തിയുടെ മൗലികാവകാശങ്ങളെ പരിമിതപ്പെടുത്തുകയും വൻകിട കോർപ്പറേറ്റ് താല്പര്യങ്ങൾക്ക് മുൻഗണന നൽകുകയും ചെയ്യുന്ന നയസമീപനങ്ങൾക്കെതിരെ യുക്തിഭദ്രവും ജനാധിപത്യപരവുമായ വിയോജിപ്പുകൾ രേഖപ്പെടുത്തുക എന്നത് ഉത്തരവാദിത്വമുള്ള ഒരു സമൂഹത്തിന്റെ കടമയാണ്.
തൊഴിൽ സുരക്ഷിതത്വവും സാമൂഹ്യ ക്ഷേമവും ഉറപ്പുവരുത്താത്ത വികസന മാതൃകകൾ സുസ്ഥിരമല്ല എന്ന ബോധ്യമാണ് സംസ്ഥാന സർക്കാരിനുള്ളത്. വികസനം എന്ന പദത്തെ കേവലം മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെയോ കോർപ്പറേറ്റ് ലാഭത്തിന്റെയോ കണക്കുകളിൽ ഒതുക്കാതെ മനുഷ്യന്റെ ജീവിതനിലവാരത്തിലുള്ള ഗുണപരമായ മാറ്റമായും സാമൂഹ്യനീതിയിലൂന്നിയ സമ്പദ്വ്യവസ്ഥയായും നിർവചിക്കുകയാണ് സർക്കാർ ചെയ്യുന്നത്.
ഇന്ന് നാം അനുഭവിക്കുന്ന തൊഴിൽ നിയമങ്ങളും അവകാശങ്ങളും ഭരണകൂടങ്ങളുടെ ഔദാര്യമല്ല അത് തളികയിൽ വെച്ച് ആരും നമുക്ക് നീട്ടി തന്നതുമല്ല. മറിച്ച് സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങൾ, തുടർന്നുള്ള കാർഷിക വ്യവസായ പ്രക്ഷോഭങ്ങൾ ഇവയുടെ എല്ലാം ഫലമായി ചോരയും നീരും നൽകി പൊരുതി നേടിയെടുത്തതാണ് എന്ന ചരിത്രസത്യം നാം ഒരിക്കലും വിസ്മരിക്കാൻ പാടില്ല.
ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ വിഭാവനം ചെയ്തിട്ടുള്ള സോഷ്യലിസ്റ്റ് എന്ന ആശയത്തോടും നിർദ്ദേശക തത്വങ്ങളിൽ പ്രതിപാദിച്ചിട്ടുള്ള ക്ഷേമരാഷ്ട്ര സങ്കല്പത്തോടും നീതിപുലർത്തുന്നവയായിരുന്നു സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ രൂപപ്പെട്ടു വന്ന തൊഴിൽ നിയമങ്ങൾ. എട്ടു മണിക്കൂർ ജോലി, മിനിമം വേതനം, ബോണസ്, ഇഎസ്ഐ, പിഎഫ് തുടങ്ങിയ ആനുകൂല്യങ്ങൾ കൂട്ടായ വിലപേശലിലൂടെയും നിയമ പോരാട്ടങ്ങളിലൂടെയും നേടിയെടുത്തവയാണ്.
1947-ലെ ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ട്സ് ആക്ട്, 1948-ലെ ഫാക്ടറീസ് ആക്ട്, മിനിമം വേജസ് ആക്ട് തുടങ്ങിയവയെല്ലാം തൊഴിലാളിയെ വെറുമൊരു ഉൽപാദനോപാധിയായി കാണാതെ അവകാശങ്ങളുള്ള പൗരനായി അംഗീകരിക്കുന്ന നിയമനിർമ്മാണങ്ങൾ ആയിരുന്നു. മുതലാളിത്വത്തിന്റെ അതിരുകടന്ന ലാഭേച്ഛയുടെ മേൽ കടിഞ്ഞാണിടാനും സമ്പത്തിന്റെ നീതിയുക്തമായ വിതരണം ഉറപ്പാക്കാനും ഈ നിയമങ്ങൾ ഒരു പരിധിവരെ സഹായിച്ചിരുന്നു. പക്ഷേ 1990-കളിൽ ആരംഭിച്ച നവ ഉദാരവൽക്കരണ നയങ്ങൾ തൊഴിൽ മേഖലയിൽ ഘടനാപരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കി. ഈ നയങ്ങൾ പിന്നീട് വന്ന സർക്കാരുകൾ കൂടുതൽ തീവ്രമായും ആക്രമോത്സുകമായും നടപ്പിലാക്കി. ഈ നയങ്ങൾ തൊഴിലാളികളുടെ തൊഴിൽ സുരക്ഷിതത്വത്തെയും ജീവിത സാഹചര്യങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന സ്ഥിതിവിശേഷം ഉടലെടുത്തു.
പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലും മറ്റു പദ്ധതികളും രാജ്യത്തിന്റെ പൊതുസ്വത്ത് സ്വകാര്യവൽക്കരിക്കുന്നതിലേക്ക് നയിക്കുന്നു. ലാഭത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ പോലും വിറ്റഴിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. സ്ഥിരം നിയമനങ്ങൾക്ക് പകരം കരാർ അടിസ്ഥാനത്തിലുള്ള നിയമനങ്ങൾ പ്രോത്സാഹിപ്പിക്കുന്നത് തൊഴിൽ വിപണിയിൽ അനിശ്ചിതത്വം സൃഷ്ടിക്കുന്നു. തുല്യ ജോലിക്ക് തുല്യവേതനം എന്ന തത്വം കാറ്റിൽ പറത്തി ഒരേ ജോലി ചെയ്യുന്ന സ്ഥിരം തൊഴിലാളിക്കും കരാർ തൊഴിലാളിക്കും വ്യത്യസ്ത വേതനം നൽകുന്ന രീതി വ്യാപകമാകുന്നു. മാന്യമായ തൊഴിൽ എന്ന ലക്ഷ്യത്തിൽ നിന്ന് നമ്മെ അകറ്റുന്ന ഇത്തരം നടപടികൾ തൊഴിലാളിയുടെ വിലപേശൽ ശേഷിയെ ദുർബലപ്പെടുത്തുന്നുവെന്നു മുഖ്യമന്ത്രി പറഞ്ഞു.
