യുവ നേതാക്കളെ കളത്തിലിറക്കി തിരുവനന്തപുരം നഗരസഭാ ഭരണം തിരിച്ചുപിടിക്കാനുള്ള തന്ത്രവുമായി കോൺഗ്രസ്. കെ.എസ്. ശബരീനാഥൻ ഉൾപ്പെടെയുള്ള യുവനിരയെ ഉൾപ്പെടുത്തിയാണ് കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടിക തയ്യാറാകുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തദ്ദേശ തിരഞ്ഞെടുപ്പ് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുൻപേ തന്നെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിടാനാണ് കോൺഗ്രസ് നീക്കം.
കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികയിലെ ശ്രദ്ധേയരിൽ ഒരാളാണ് കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് വൈഷ്ണ സുരേഷ്. സിപിഎമ്മിന്റെ സിറ്റിങ് സീറ്റായ മുട്ടട വാർഡിൽ നിന്നാണ് 24 വയസ്സുകാരി വൈഷ്ണ മത്സരിക്കാൻ ഒരുങ്ങുന്നത്. ടെക്നോപാർക്കിൽ ജോലി ചെയ്യുന്ന വൈഷ്ണ പേരൂർക്കട ലോ കോളജിലെ നിയമവിദ്യാർഥിനിയുമാണ്. തിരുവനന്തപുരം പ്രസ് ക്ലബിൽ നിന്ന് ജേർണലിസത്തിൽ ഡിപ്ലോമ നേടിയ ശേഷം നിരവധി ടെലിവിഷൻ ഷോകളിലും പരിപാടികളിലും അവതാരകയായി പ്രവർത്തിച്ചിട്ടുണ്ട്
