Home » Blog » Uncategorized » തൃശൂരിൽ നാളെ ആരംഭിക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സാവം ‘പൂരം പോലെ ലോകം ഏറ്റെടുക്കും’; വേദികൾ സന്ദർശിച്ച് കേന്ദ്രമന്ത്രി
suresh-gopi-680x450

തൃശൂരിൽ നാളെ ആരംഭിക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ മുഖ്യവേദി കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദർശിച്ചു. ഇന്ന് പുലർച്ചെ തേക്കിൻകാട് മൈതാനത്തെത്തിയ അദ്ദേഹം ഒരുക്കങ്ങൾ നേരിട്ട് വിലയിരുത്തുകയും തുടർന്ന് ഊട്ടുപുര സന്ദർശിക്കുകയും ചെയ്തു.’2026-ലെ തൃശൂർ പൂരത്തിന്റെ കർട്ടൻ റെയ്‌സറായിരിക്കും ഈ കലോത്സവം. പൂരം കാണുന്നതുപോലെ ലോകം മുഴുവൻ ഈ കലോത്സവത്തെയും ഏറ്റെടുക്കും,’ വേദി സന്ദർശിച്ച ശേഷം അദ്ദേഹം പ്രതികരിച്ചു.

ക്ലാസിക് കലകളും മിമിക്രിയുമടക്കം കാണാനായി താൻ കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വേദികളുടെ പേരുകളിൽ നിന്ന് താമര ഒഴിവാക്കിയ സംഭവത്തിൽ അദ്ദേഹം രൂക്ഷമായി പ്രതികരിച്ചു. എല്ലാത്തിലും രാഷ്ട്രീയം കാണുന്നതാണ് പ്രശ്‌നമെന്നും ‘രാഷ്ട്രം’ എന്ന് വിചാരിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. സംഘാടകരെ ആരെങ്കിലും വഴിതെറ്റിച്ചതാകാം ഇതിന് പിന്നിലെന്നും കലയുടെ ലോകത്ത് രാഷ്ട്രീയം കലർത്തേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.

നാളെ മുതൽ 18 വരെ 25 വേദികളിലായാണ് കലോത്സവം നടക്കുന്നത്. വിവിധ പൂക്കളുടെ പേരുകളാണ് വേദികൾക്ക് നൽകിയിരിക്കുന്നത്. ആദ്യം താമര ഒഴിവാക്കിയത് വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. ഇതിനെതിരെ യുവമോർച്ച പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് 15-ാം വേദിക്ക് ‘താമര’ എന്ന് പേരിടാൻ തീരുമാനിച്ചെങ്കിലും, ഒടുവിൽ ഒന്നാം വേദിയുടെ പേര് ‘ഡാലിയ’ എന്നതിൽ നിന്ന് മാറ്റി ‘താമര’ എന്നാക്കുകയായിരുന്നു. വിവാദങ്ങൾ ഒഴിവാക്കാനാണ് ഈ മാറ്റമെന്ന് മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.