തീർത്ഥാടകർക്ക് നൽകുന്ന സേവനങ്ങളിൽ വീഴ്ച വരുത്തിയ 1,800 വിദേശ ട്രാവൽ ഏജൻസികൾക്കെതിരെ സൗദി ഹജ്-ഉംറ മന്ത്രാലയം കർശന നടപടി സ്വീകരിച്ചു. സേവനങ്ങളിലെ പോരായ്മകളും ഗുണനിലവാരമില്ലായ്മയും കണ്ടെത്തിയതിനെത്തുടർന്ന് ഈ ഏജൻസികളുടെ കരാറുകൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഈ മേഖലയിൽ പ്രവർത്തിക്കുന്ന ആകെ 5,800 ഏജൻസികളിൽ മൂന്നിലൊന്ന് സ്ഥാപനങ്ങളും ഇതോടെ സസ്പെൻഷനിലായി.
സസ്പെൻഷൻ നടപടി നേരിട്ട ഏജൻസികൾക്ക് പുതിയ വിസകൾ അനുവദിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. എന്നാൽ, നിലവിൽ വിസ ലഭിച്ചവർക്കും ബുക്കിങ് പൂർത്തിയാക്കിയവർക്കും തടസ്സങ്ങളില്ലാതെ യാത്ര തുടരാനാകും. വീഴ്ചകൾ പരിഹരിക്കുന്നതിനായി ഏജൻസികൾക്ക് 10 ദിവസത്തെ സാവകാശം നൽകിയിട്ടുണ്ട്. ഈ സമയപരിധിക്കുള്ളിൽ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ പാലിച്ച് പോരായ്മകൾ പരിഹരിക്കുന്ന സ്ഥാപനങ്ങളുടെ സസ്പെൻഷൻ പിൻവലിക്കുന്നതാണ്.
തീർത്ഥാടകരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സേവനങ്ങളിൽ കൃത്യമായ നിലവാരം ഉറപ്പുവരുത്തുന്നതിനുമാണ് ഇത്തരമൊരു കർശന നടപടിയെന്ന് സൗദി ഭരണകൂടം അറിയിച്ചു. ഉംറ യാത്രയ്ക്കായി ട്രാവൽ ഏജൻസികളെ സമീപിക്കുന്ന തീർഥാടകർ, തങ്ങൾ തിരഞ്ഞെടുക്കുന്ന ഏജൻസിക്ക് നിലവിൽ വിസ അനുവദിക്കാൻ അനുമതിയുണ്ടോ എന്ന് കൃത്യമായി പരിശോധിക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു.
