നഗരസഭ വോട്ടെടുപ്പിൽ പരാതിയുമായി സിപിഎം രംഗത്ത്. ‘ഈശ്വരനാമത്തിൽ’ സത്യപ്രതിജ്ഞ ചെയ്ത 20 കൗൺസിലർമാരുടെ അംഗത്വം നിലനിൽക്കില്ലെന്നും അവരെ വോട്ടെടുപ്പിൽ നിന്ന് മാറ്റണം എന്നുമായിരുന്നു സിപിഎം കൗൺസിലർ എസ്.പി. ദീപക് ഉന്നയിച്ച പരാതി. ഇതിനെ പിന്തുണയ്ക്കുന്ന ഡിജിറ്റൽ തെളിവുകൾ കൈവശമുണ്ടെന്നും സംഭവം ചട്ടലംഘനമാണെന്നും ദീപക് ആരോപിച്ചു.
എന്നാൽ ഈ പരാതി ജില്ലാ കളക്ടർ അനിത കുമാരി നിരസിച്ചു. സത്യപ്രതിജ്ഞയ്ക്കുശേഷം ഒപ്പുവെച്ച് കൗൺസിലർ പദവി ഏറ്റെടുത്തവർക്കെതിരെ നടപടി വേണ്ടെന്ന് കളക്ടർ വ്യക്തമാക്കി. അവർ ആദ്യ കൗൺസിൽ യോഗത്തിലും പങ്കെടുത്തതിനാൽ ഇനി നിയമപരമായ പരിഹാരം തേടേണ്ടത് കോടതിയിലൂടെയെന്നായിരുന്നു കളക്ടറുടെ നിർദേശം.
കളക്ടറുടെ തീരുമാനത്തെ സിപിഎം കൗൺസിലർ തെറ്റായ നടപടിയെന്നു ചൂണ്ടിക്കാട്ടി. ഒരേ വാദം ആവർത്തിക്കേണ്ടതില്ലെന്നും രേഖാമൂലം മറുപടി നൽകാമെന്നും കളക്ടർ വ്യക്തമാക്കി.
വോട്ടെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥി വി.വി. രാജേഷ് 51 വോട്ടുകൾ നേടി മേയറായി തിരഞ്ഞെടുക്കപ്പെട്ടു. സ്വതന്ത്ര കൗൺസിലർ രാധാകൃഷ്ണന്റെയും വോട്ട് രാജേഷിന് ലഭിച്ചു.എൽഡിഎഫ് സ്ഥാനാർത്ഥി ആർ.പി. ശിവജിക്ക് 29 വോട്ടും യുഡിഎഫ് സ്ഥാനാർത്ഥി കെ.എസ്. ശബരീനാഥന് 17 വോട്ടും ലഭിച്ചു. വെങ്ങാന്നൂർ കൗൺസിലർ എസ്. ലതിക, നന്ദൻകോട് കൗൺസിലർ കെ.ആർ. ക്ലീറ്റസ് എന്നീ യുഡിഎഫ് കൗൺസിലർമാരുടെ വോട്ടുകൾ അസാധുവായി. പൗണ്ട്കടവ് സ്വതന്ത്ര കൗൺസിലർ സുധീഷ് കുമാർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
