തിരുവനന്തപുരം: തിരുവനന്തപുരത്ത് സിപിഎമ്മിൽ വിഭാഗീയത ഉണ്ടെന്ന പ്രചാരണത്തോട് പ്രതികരിച്ച് ജില്ലാസെക്രട്ടറി വി ജോയി. തിരുവനന്തപുരത്തെ പാർട്ടിയിൽ വിഭാഗീയത നിലനിൽക്കുന്നു എന്ന് വാർത്ത നൽകുന്നുവെന്നും ആ വാർത്തയിൽ വസ്തുതയുണ്ടോ എന്ന് അന്വേഷണം നടത്തുന്നില്ലെന്നും വി ജോയി മാധ്യമങ്ങളോട് പറഞ്ഞു.
വിഴിഞ്ഞത്തെ പരിപാടിയിൽ വി ശിവൻകുട്ടിയെ പങ്കെടുപ്പിച്ചില്ല. ഇത് വിഭാഗീയതയാണ് എന്നാണ് വാർത്ത വന്നത്. കോവളം ഏരിയ കമ്മിറ്റിയാണ് പ്രാദേശികമായി പരിപാടി സംഘടിപ്പിച്ചത്. ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പരിപാടിയിലാണ് സാധാരണ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ പങ്കെടുക്കുക. പാർട്ടിയിൽ പ്രശ്നങ്ങളുണ്ട് എന്ന് വരുത്തി തീർക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടക്കുന്നത്. വിവിധ സമരപരിപാടികളുമായി മുന്നോട്ടു പോകുമ്പോൾ തകർക്കാൻ ശ്രമം നടക്കുന്നുവെന്നും വി ജോയി മാധ്യമങ്ങളോട് പറഞ്ഞു.
