തിരുവനന്തപുരത്ത് ട്രെയിനിൽ നിന്ന് 19 കാരിയെ തള്ളിയിട്ട സംഭവത്തിലെ പ്രതിയായ സുരേഷ് കുമാർ, പ്രാഥമിക ചോദ്യം ചെയ്യലിൽ തർക്കമുണ്ടായതായി സമ്മതിച്ചു. ട്രെയിനിന്റെ വാതിലിൽ നിൽക്കുന്നതിനെച്ചൊല്ലി യുവതിയുമായി വഴക്കുണ്ടായി, ഇതിൽ പ്രകോപിതനായാണ് പ്രതി യുവതിയെ ആക്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം. പ്രതി യുവതിയെ പിന്നിൽ നിന്ന് ചവിട്ടുകയായിരുന്നു. ഇയാൾ ഒറ്റയ്ക്കാണ് യാത്ര ചെയ്തിരുന്നതെന്നും മൊഴി നൽകിയിട്ടുണ്ട്. പ്രതിയുടെ മുൻകാല ക്രിമിനൽ പശ്ചാത്തലം പോലീസ് പരിശോധിക്കുന്നുണ്ട്.
കസ്റ്റഡിയിലെടുത്ത പ്രതി സുരേഷ് കുമാർ തന്നെയാണ് യുവതിയെ തള്ളിയിട്ടതെന്ന് റെയിൽവേ പോലീസും സ്ഥിരീകരിച്ചു. ഇയാൾ കോട്ടയത്ത് നിന്ന് അമിതമായി മദ്യപിച്ചാണ് ട്രെയിനിൽ കയറിയത്. ട്രെയിനിന്റെ ശുചിമുറി ഭാഗത്തായിരുന്നു ഇയാൾ നിന്നിരുന്നത്. പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ശുചിമുറിയിലേക്ക് പോയ സമയത്താണ് ആക്രമണം നടന്നത്. പ്രത്യേകിച്ചൊരു പ്രകോപനവുമില്ലാതെയാണ് ഇയാൾ ആക്രമണം നടത്തിയതെന്നും അധികൃതർ സ്ഥിരീകരിക്കുന്നു.
ഇന്നലെ കസ്റ്റഡിയിലെടുത്ത സമയത്ത്, പ്രതി താനല്ലെന്ന് വരുത്തിത്തീർക്കാൻ സുരേഷ് കുമാർ ശ്രമിച്ചിരുന്നു. എങ്കിലും, തെളിവുകളുടെ അടിസ്ഥാനത്തിൽ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. തുടർ നടപടികൾക്കായി പ്രതിയെ ഇന്ന് ഉച്ചയോടെ കോടതിയിൽ ഹാജരാക്കും.
