മലയാള സിനിമാപ്രേക്ഷകർക്ക് ചിരിക്കാനും ആസ്വദിക്കാനും ഒരുപിടി നല്ല നിമിഷങ്ങൾ സമ്മാനിച്ച ചിത്രമാണ് ‘കല്യാണരാമൻ’. 2002-ൽ പുറത്തിറങ്ങിയ കോമഡി എന്റർടൈയ്‌നർ ചിത്രമാണിത്. ഇപ്പോഴിതാ ചിത്രം വീണ്ടും തിയറ്ററുകളിലേക്ക് എത്തുകയാണ്. കല്യാണരാമൻ 4കെ അറ്റ്മോസിൽ റിലീസ് ചെയ്യുന്നുവെന്ന് ദിലീപ് തന്നെയാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള പോസ്റ്ററും ദിലീപ് ഷെയർ ചെയ്തിട്ടുണ്ട്.
അതേസമയം വൈകാതെ സിനിമയുടെ റീ റിലീസ് തിയതി പുറത്തുവരും. പിന്നാലെ നിരവധി പേരാണ് കമന്റുമായി രംഗത്ത് എത്തുന്നത്. മീശ മാധവൻ, റൺവേ, C. I. D. മൂസ, വെട്ടം തുടങ്ങിയ സിനിമകളും റീ റിലീസ് ചെയ്യണമെന്നാണ് കമന്റുകളിൽ ഏറെയും. ഷാഫിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത ചിത്രത്തിൽ രാമൻകുട്ടി എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിച്ചത്. ദിലീപിന് ഒപ്പം കുഞ്ചാക്കോ ബോബൻ, ലാലു അലക്സ്, ലാൽ, നവ്യ നായർ, ജ്യോതിർമയി, ഇന്നസെന്റ്, സലിംകുമാർ, ബോബൻ ആലുമ്മൂടൻ, ഉണ്ണികൃഷ്ണൻ നമ്പൂതിരി, കൊച്ചു പ്രേമൻ തുടങ്ങി വൻ താരനിരയും എത്തിയിരുന്നു. ലാൽ ക്രിയേഷൻസിന്റെ ബാനറിൽ ലാൽ നിർമിച്ച ചിത്രമാണിത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ബെന്നി പി. നായരമ്പലം ആയിരുന്നു.
