64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ആവേശം നേരിട്ടറിയാൻ കേന്ദ്രമന്ത്രിയും തൃശ്ശൂർ എംപിയുമായ സുരേഷ് ഗോപി നേരിട്ടെത്തി. തേക്കിൻകാട് മൈതാനത്തെ പ്രധാന വേദിയും ഊട്ടുപുരയും സന്ദർശിച്ച അദ്ദേഹം, തൃശ്ശൂർ പൂരത്തിന്റെ ഒരു ‘കർട്ടൻ റെയ്സർ’ ആയിരിക്കും ഈ കലോത്സവമെന്ന് മാധ്യമങ്ങളോട് പറഞ്ഞു. ലോകം മുഴുവൻ പൂരത്തെ ഏറ്റെടുക്കുന്നത് പോലെ കേരളത്തിന്റെ ഈ കൗമാര കലോത്സവത്തെയും ലോകം കാണുമെന്നും ക്ലാസിക് കലകളും മിമിക്രിയും കാണാൻ താൻ ഏറെ കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കലോത്സവ വേദികൾക്ക് പുഷ്പങ്ങളുടെ പേര് നൽകിയപ്പോൾ താമരയെ ഒഴിവാക്കിയത് വലിയ വിവാദമായിരുന്നു. താമരയുടെ ചിത്രമുള്ള മുണ്ട് ഉടുത്തെത്തിയാണ് സുരേഷ് ഗോപി ഈ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയത്. എല്ലാത്തിലും രാഷ്ട്രീയം കാണുന്നതാണ് ഇവിടുത്തെ പ്രശ്നമെന്നും രാഷ്ട്രം എന്ന് വിചാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങളെ ഇതിനുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. താമരയോട് എങ്ങനെയാണ് രാഷ്ട്രീയം കാണാൻ കഴിയുന്നതെന്നും താമര ഒരു പൂജാ പുഷ്പമല്ലേ എന്നും അദ്ദേഹം ചോദിച്ചു. സംഘാടകരെ ആരെങ്കിലും വഴിതെറ്റിച്ചതാകാനാണ് സാധ്യതയെന്നും കലയുടെ ലോകത്ത് രാഷ്ട്രീയം കലർത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ താമര ഒഴിവാക്കി ഡാലിയ എന്ന പേര് നൽകിയ 15-ാം നമ്പർ വേദിക്ക് പ്രതിഷേധത്തെത്തുടർന്ന് ‘താമര’ എന്ന് തന്നെ പുനർനാമകരണം ചെയ്തിരുന്നു.
നാളെ രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയനാണ് കലോത്സവം ഉദ്ഘാടനം ചെയ്യുന്നത്. തൃശ്ശൂരിന്റെ സ്വന്തം പൂരത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള ഗംഭീരമായ ചടങ്ങുകളോടെയാണ് മേളയ്ക്ക് തുടക്കമാകുക. 64-ാമത് കലോത്സവത്തെ സൂചിപ്പിക്കുന്ന 64 മുത്തുക്കുടകളുടെ അകമ്പടിയോടെ ഇലഞ്ഞത്തറ മേള പ്രമാണിമാർ നയിക്കുന്ന പാണ്ടിമേളം അരങ്ങേറുന്നതോടെ സാംസ്കാരിക നഗരി കലോത്സവ ലഹരിയിലേക്ക് അമരും. നാല് ദിവസങ്ങളിലായി 25 വേദികളിൽ പതിനായിരത്തോളം വിദ്യാർത്ഥികളാണ് തങ്ങളുടെ പ്രതിഭ തെളിയിക്കാൻ എത്തുന്നത്. അതേസമയം, ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ‘സ്വാമിയേ ശരണമയ്യപ്പ’ എന്ന മറുപടി ആവർത്തിച്ചാണ് അദ്ദേഹം മടങ്ങിയത്.
