മലപ്പുറം: താനൂര്‍ കസ്റ്റഡി കൊലപാതകത്തിലെ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. താമിര്‍ ജിഫ്രി കൊല്ലപ്പെട്ട രാത്രിയിലെ താനൂര്‍ പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നത്. താമിര്‍ ജിഫ്രിയെയും സംഘത്തെയും പൊലീസ് സ്റ്റേഷനില്‍ എത്തിക്കുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. നടന്ന് കൊണ്ട് പൊലീസ് സ്റ്റേഷനിലേക്ക് കയറിയ താമിര്‍ ജിഫ്രിയെയും സംഘത്തെയും ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ അല്‍പ്പസമയത്തിന് ശേഷം താമിര്‍ ജിഫ്രിയെ ചുമന്ന് കൊണ്ട് പൊലീസ് സ്റ്റേഷനില്‍ നിന്നും ഇറക്കി ജീപ്പില്‍ കയറ്റുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
എന്നാല്‍ താമിര്‍ ജിഫ്രിയെ ജീപ്പില്‍ കയറ്റിയിട്ടും ആശുപത്രിയില്‍ എത്തിക്കുന്നത് വൈകിപ്പിച്ചതിന്റെ തെളിവും സിസിടിവിയില്‍ നിന്നും ലഭിച്ചു. ഗുരുതരാവസ്ഥയില്‍ ആയിരുന്ന താമിര്‍ ജിഫ്രിയെ കയറ്റിയ ജീപ്പ് അഞ്ച് മിനിറ്റ് കഴിഞ്ഞാണ് സ്റ്റേഷനില്‍ നിന്നും വിടുന്നത്. പുലര്‍ച്ചെ 04.18ന് താമിര്‍ ജിഫ്രിയെ കയറ്റിയ ജീപ്പ് 04.23നാണ് സ്റ്റേഷന് വിടുന്നത്. കുടുംബം മൂന്ന് വര്‍ഷമായി നടത്തുന്ന നിയമപോരാട്ടത്തിന് ഒടുവിലാണ് ഇപ്പോള്‍ സ്റ്റേഷന് പുറത്തെ ദൃശ്യങ്ങള്‍ ലഭിച്ചിരിക്കുന്നത്.
