Home » Blog » Kerala » താനൂർ ഉണ്ണിയാൽ പാലം പുനർനിർമാണ പ്രവൃത്തി മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
FB_IMG_1771768810332

താനൂർ ഉണ്ണിയാലിൽ കനോലി കനാലിന് കുറുകെയുള്ള ഉണ്ണിയാൽ പാലം പുനർനിർമാണ പ്രവൃത്തിയുടെ ഉദ്ഘാടനം പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു.

‘അഞ്ച് വർഷം കൊണ്ട് 60 ശതമാനം ബി.എം ആൻഡ് ബി.സി റോഡുകൾ നിർമ്മിക്കാൻ സാധിച്ചു. മുടങ്ങിപ്പോകും എന്ന അവസ്ഥ വന്ന ദേശീയപാത വികസനത്തിനായി സംസ്ഥാന സർക്കാർ 5550 കോടി രൂപ വകയിരുത്തി. 600 ഓളം കിലോമീറ്റർ വരുന്ന ദേശീയപാതയുടെ 500 കിലോമീറ്റർ വരെ നിർമ്മാണം പൂർത്തിയാക്കാൻ സാധിച്ചു. തീരദേശഹൈവേ, മലയോരഹൈവേ, തുരങ്ക പാത എന്നിവയെല്ലാം മികച്ച രീതിയിൽ മുന്നോട്ടുപോകുന്നു. റോഡ് നവീകരണത്തിനായി കിഫ്ബി, നബാർഡ്, റീബിൽഡ് കേരള എന്നീ പദ്ധതികൾ ഉൾക്കൊള്ളിച്ച് 35,000 കോടി രൂപ ചെലവഴിച്ചു. അഞ്ചുവർഷംകൊണ്ട് 100 പാലങ്ങൾ എന്ന ലക്ഷ്യം 150 പാലം വരെ എത്തി. മുപ്പതോളം റെയിൽവേ മേൽപ്പാലങ്ങൾ നിർമ്മാണം പൂർത്തിയായി കൊണ്ടിരിക്കുകയാണ് . പശ്ചാത്തല സൗകര്യ വികസനത്തിൽ കിഫ്ബിയുടെ പങ്ക് എടുത്ത് പറയേണ്ടതാണ്’- മന്ത്രി വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

പഞ്ചാരമൂല സിറ്റി പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ന്യൂനപക്ഷ ക്ഷേമ- കായിക- വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു.

 

പ്രകടനപത്രികയിലെ 95 ശതമാനത്തോളം പദ്ധതികളും നടത്തിയതായി മന്ത്രി പറഞ്ഞു. താനൂർ മേഖലയിലെ ശുദ്ധജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ 15 കോടി രൂപ വകയിരുത്തി ശുദ്ധജലം എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചതായും മന്ത്രി പറഞ്ഞു.

 

ഉണ്ണിയാൽ പാലത്തിന്റെ പ്രവൃത്തിക്ക് ഈ വർഷം ജനുവരിയിലാണ് സാങ്കേതിക അനുമതി ലഭിച്ചത്. 20 കോടിയിലധികം രൂപ വകയിരുത്തി നിർമ്മിക്കുന്ന പാലത്തിന്റെ ടെൻഡർ നടപടികൾ നിലവിൽ പൂർത്തീകരിച്ചു. എഗ്രിമെന്റ് നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കനോലി കനാലിന് കുറുകെയുള്ള പാലമായതിനാൽ ഇൻലാൻഡ് വാട്ടർ വേ അതോറിറ്റി മാനദണ്ഡങ്ങൾ പ്രകാരം 40.00 മീറ്റർ ഹൊറിസോണ്ടൽ ക്ലിയറൻസ് ലഭ്യമാകുന്ന തരത്തിൽ 45.50 മീറ്റർ നീളത്തിലുള്ള ബോസ്ട്രിങ് ആർച്ച് സിംഗിൾ സ്പാനായി ഉയർന്ന ജലനിരപ്പിൽ നിന്നും 6.00 മീറ്റർ ഉയരത്തിലാണ് പാലം വിഭാവനം ചെയ്തിരിക്കുന്നത്. പൈൽ ഫൗണ്ടേഷനോട് കൂടിയ പാലത്തിനു 7.50 മീറ്റർ വീതിയുള്ള ക്യാരിയേജ് വെയും 2.25 മീറ്റർ വീതി വരുന്ന ഫുട്പാത്തുകളും ഉണ്ടാകും. തിരൂർ ഭാഗത്ത് 140 മീറ്ററും ഉണ്ണിയാൽ ഭാഗത്ത് 100 മീറ്ററും നീളത്തിലുള്ള അപ്പ്രോച്ച് റോഡും പദ്ധതിയിലുണ്ട്. പാലത്തിനും അനുബന്ധ റോഡിനും ബി.എം ആൻഡ് ബി. സി സർഫേസിങ്, റോഡ് സേഫ്റ്റി പ്രവൃത്തികൾ, ബേം കോൺക്രീറ്റ് പ്രവൃത്തികൾ, വാഹന ഗതാഗത സുരക്ഷാ സംവിധാനവും ഒരുക്കും