ചെങ്കോട്ടുകോണത്തെ തുണ്ടത്തിൽ ട്രിവാന്‍ഡ്രം സ്കോട്ടിഷ് സ്കൂൾ കോമ്പൗണ്ടിൽ നിർത്തിയിട്ടിരുന്ന ബസുകൾക്ക് തീപിടിച്ചു. ഇന്ന് പുലർച്ചെ 2.45-ഓടെയാണ് സംഭവം ഉണ്ടായത്. മൂന്ന് ബസുകൾ പൂർണ്ണമായും ഒരു ബസ് ഭാഗികമായും കത്തിനശിച്ചു. സംഭവം കരുതിക്കൂട്ടി ചെയ്തതാണെന്നുള്ള സൂചനയുണ്ട്. സ്കൂൾ ബസുകളിൽ നിന്ന് തീ ഉയരുന്നത് കണ്ട പ്രദേശവാസികളാണ് വിവരം ഫയർഫോഴ്സിനെ അറിയിച്ചത്.
കഴക്കൂട്ടം, ചാക്ക എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാ യൂണിറ്റുകളെത്തി മണിക്കൂറുകൾ പ്രയത്നിച്ചാണ് തീയണച്ചത്. അപകടസമയത്ത് ഒരു സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണ് സ്കൂളിലുണ്ടായിരുന്നത്. സ്കൂൾ കോമ്പൗണ്ടിലുണ്ടായിരുന്ന ഒരു ടെമ്പോ ട്രാവലർ ബസിലേക്ക് ഇടിച്ചുകയറ്റിയ നിലയിൽ കണ്ടെത്തിയത് ദുരൂഹത വർദ്ധിപ്പിക്കുന്നു. വാഹനങ്ങൾ കൂട്ടിയിടിപ്പിച്ച ശേഷം മനഃപൂർവ്വം തീയിട്ടതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്. സെക്യൂരിറ്റി ജീവനക്കാരന്റെ മൊഴിയും ഉടൻ രേഖപ്പെടുത്തും.
