കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനം മാതൃകാപരമാണെന്ന്തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്
ആലപ്പുഴ നഗരസഭയുടെ സമ്പൂർണ്ണ പ്രവർത്തന സജ്ജമായ ശതാബ്ദി മന്ദിരത്തിൻ്റെ ഉദ്ഘാടന സന്ദേശത്തിലാണ് മന്ത്രി ഈ കാര്യം പറഞ്ഞത്. അനാരോഗ്യം മൂലം പരിപാടിയിൽ പങ്കെടുക്കാൻ പറ്റാത്തതിനാൽ മന്ത്രി സന്ദേശം കൈമാറിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.
കേരളം കൈവരിച്ച അഭിമാനകരമായ നേട്ടമാണ് അതിദാരിദ്ര്യ മുക്ത സംസ്ഥാനമെന്ന പ്രഖ്യാപനം.
കഴിഞ്ഞ നാലര വർഷം അതിനായി ആലപ്പുഴ നഗരസഭയടക്കം കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങൾ വഹിച്ച മികച്ച പങ്ക് അതിൻ്റെ വിമർശകർക്കുള്ള ശക്തമായ മറുപടി കൂടിയാണ് എന്ന് മന്ത്രി പറഞ്ഞു.
ശതാബ്ദി മന്ദിരത്തിൽ സുസജ്ജമായ പുതിയ നഗരസഭാ ആസ്ഥാനം ആലപ്പുഴ നഗരത്തിന്റെ വികസനത്തിലും ജനങ്ങളുടെ ക്ഷേമ, സൗകര്യങ്ങൾക്കും സഹായകമാകും വിധം ജനസൗഹൃദമായി പ്രവർത്തിക്കാൻ നഗരസഭാ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും പ്രചോദനമാകുമെന്നും മന്ത്രി പറഞ്ഞു.
എച്ച് സലാം എംഎൽഎ അധ്യക്ഷനായി. പി പി ചിത്തരഞ്ജൻ എം എൽ എ മന്ദിരത്തിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. കോൺഫറൻസ് ഹാളും എംഎൽഎ ഉദ്ഘാടനം ചെയ്തു.
