തദ്ദേശ സ്ഥാപനങ്ങളുടെ ശുചിത്വ-മാലിന്യ സംസ്‌കരണത്തിന് ഗ്രേഡിങ് നടപ്പാക്കുന്നു. മാലിന്യം വാതില്‍പ്പടി ശേഖരണ കവറേജ്, അജൈവ മാലിന്യ ശേഖരണ സംവിധാനങ്ങള്‍, ജൈവമാലിന്യ സംവിധാനം, ദ്രവമാലിന്യ സംസ്‌കരണം, സാനിറ്ററി മാലിന്യ കൈകാര്യം, എന്‍ ഫോഴ്‌സ്‌മെന്റ്, വിവര വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍, പ്രൊജക്ട് നിര്‍വഹണം, പൊതുശുചിത്വം എന്നിവ അടിസ്ഥാനമാക്കിയാണ് ഗ്രേഡിങ് നടത്തുക. നാല് ഘട്ടങ്ങളിലായാണ് മൂല്യനിര്‍ണയം നടത്തുന്നത്. നഗരസഭ, പഞ്ചായത്ത് വേര്‍തിരിച്ചാണ് മാര്‍ക്ക് തയ്യാറാക്കുക. ആദ്യമൂന്ന് റാങ്കുകള്‍ക്ക് പുരസ്‌കാരം നല്‍കും.
ഒന്നാം ഘട്ടത്തില്‍ പ്രത്യേക സോഫ്റ്റ് വെയര്‍ മുഖേന ഗ്രേഡിങ് ഘടകങ്ങളുടെയും സൂചകങ്ങളുടെയും അടിസ്ഥാനത്തിലുള്ള ചോദ്യാവലിക്ക് തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ ഉത്തരങ്ങള്‍ നല്‍കും. രണ്ടാംഘട്ടത്തില്‍ സമര്‍പ്പിച്ച വിവരങ്ങളുടെ പരിശോധന, ഫീല്‍ഡ്തല പരിശോധ നടക്കും. വിവരങ്ങള്‍ പരിശോധിക്കുന്നതിനും ഫില്‍ഡ്തല പരിശോധനയ്ക്കും പ്രത്യേക സംഘങ്ങളുണ്ട്.
പഞ്ചായത്ത്തലത്തില്‍ വിലയിരുത്തിയ വിവരങ്ങള്‍ ബ്ലോക്ക്പഞ്ചായത്ത് സെക്രട്ടറിയും നഗരസഭകളിലെ വിവരങ്ങള്‍ തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടറും അന്തിമമാക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തില്‍ ശുചിത്വമിഷന്‍, ഹരിതകേരളം മിഷന്‍, മാലിന്യമുക്തം നവകേരളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സംയുക്തമായി ജില്ലാതലത്തിലെ വിവരങ്ങള്‍ അന്തിമമാക്കുന്നതാണ് മൂന്നാംഘട്ടം.
അവസാന ഘട്ടത്തില്‍ അന്തിമ ഗ്രേഡിങ് പട്ടിക തദ്ദേശ ഭരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി, പ്രിന്‍സിപ്പല്‍ ഡയറക്ടര്‍, ശുചിത്വമിഷന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ എന്നിവര്‍ അംഗങ്ങളായ സംസ്ഥാനതല ഗ്രേഡിങ് കമ്മിറ്റി പരിശോധിച്ച് മാര്‍ക്കിടും.
