തദ്ദേശ തിരഞ്ഞെടുപ്പ് തൃശൂർ കോർപ്പറേഷനിലടക്കം ബി.ജെ.പി.യുടെ പ്രതീക്ഷ ക്രമാതീതമായി വർധിച്ചിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. ജനങ്ങൾ നേരിട്ട് പറയുന്ന ഈ പ്രതീക്ഷയാണ് തങ്ങളുടെ ആത്മവിശ്വാസമെന്നും, പോകുന്നിടങ്ങളിൽ നിന്നെല്ലാം ഈ സൂചന ലഭിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 2024 ജൂൺ നാലിന് ശേഷം കേരളത്തിന്റെ യഥാർത്ഥ ‘പൾസ്’ അറിയണമെങ്കിൽ തൃശ്ശൂരിൽ അന്വേഷിക്കണം. സത്യസന്ധമായ രാഷ്ട്രീയ പൾസ് തൃശ്ശൂരിൽ നിന്ന് അനുഭവപ്പെടുന്നുണ്ട്. ‘വികസിത് ഭാരത് 2047’ എന്ന മുദ്രാവാക്യത്തിലാണ് ബി.ജെ.പി. പ്രവർത്തിക്കുന്നത്. കേരളം അതിൽ അനിവാര്യമായതുകൊണ്ട്, കാര്യങ്ങൾ പ്രചരിപ്പിക്കേണ്ട ഭാരം കുറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തൃശ്ശൂർ നഗരസഭയിൽ സ്വപ്നം കാണാൻ കഴിയാത്തത്ര ഡിവിഷനുകളിൽ ബി.ജെ.പിക്ക് വലിയ മുന്നേറ്റം ഉണ്ടാകുമെന്നാണ് സുരേഷ് ഗോപി പ്രത്യാശ പ്രകടിപ്പിച്ചത്. കൃത്യമായ സ്ഥാനാർത്ഥികളെ നിർത്തിയാൽ കോർപ്പറേഷൻ ബി.ജെ.പി. ഭരിക്കുന്നത് കാണാമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റുകളുടെ എണ്ണത്തിലല്ല കാര്യം. ജനങ്ങളെ വഞ്ചിക്കാത്ത ഒരു ഭരണനിർവഹണത്തിന് ബി.ജെ.പി.യുടെ സാന്നിധ്യം കേരളത്തിൽ ഉണ്ടാകും. ജനങ്ങൾ ബി.ജെ.പി.യുടെ പ്രചാരണം ഇതിനോടകം ആവാഹിച്ചു കഴിഞ്ഞുവെന്നും സുരേഷ് ഗോപി പറഞ്ഞു
