
കൊച്ചി : വിതരണസമയത്ത് യഥാർത്ഥ തകരാർ കണ്ടെത്തുന്ന ഭാരത് ഗ്യാസ് സിലിണ്ടറുകൾ സൗജന്യമായി റീഫിൽ ചെയ്യുന്ന പദ്ധതി പ്രഖ്യാപിച്ച് പ്രമുഖ പൊതുമേഖലാ എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (ബിപിസിഎൽ). ബോട്ടിലിംഗ് പ്ലാന്റുകളിൽനിന്നും ഗുണഭോക്താക്കളുടെ പക്കലെത്തുന്നതുവരെ ഭാരത് ഗ്യാസ് എൽപിജി സിലിണ്ടറുകൾക്ക് ഗുണമേന്മയും അധിക സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ആദ്യഘട്ടത്തിൽ തിരുവനന്തപുരം നഗരത്തിൽ ആരംഭിക്കുന്ന പദ്ധതി വരുംദിവസങ്ങളിൽ വിപുലീകരിക്കുമെന്നും ബിപിസിഎൽ അറിയിച്ചു. സിലിണ്ടർ വിതരണ സേവനങ്ങളെ കാര്യക്ഷമമാക്കുകയാണ് ‘സീറോ കാ ദം’ എന്നു പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ ബിപിസിഎൽ ലക്ഷ്യമിടുന്നത്. തകരാർ സംഭവിച്ച സിലിണ്ടറുകൾക്ക് പകരം, മാനദണ്ഡങ്ങൾക്കനുസൃതമായാണ് പുതിയത് അനുവദിച്ചു നൽകുക. നാഷണൽ അക്രഡിറ്റേഷൻ ബോർഡിന്റെ (എൻഎബിസിബി) അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സ്വതന്ത്ര ഏജൻസികളുടെ ഗുണനിലവാര പരിശോധനയ്ക്ക് പുറമെ സാങ്കേതികവിദ്യ, പരിപാലനം, സുരക്ഷാ പരിശോധനകൾ എന്നിവയും പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കും.
പ്രവർത്തനക്ഷമതയും ഉപഭോക്തൃ സുരക്ഷയും ഉറപ്പാക്കുന്നതിനൊപ്പം ഉയർന്ന ഗുണമേന്മയുള്ള സിലിണ്ടറുകൾ വിതരണം ചെയ്യുന്നതിനുള്ള ബിപിസിഎല്ലിന്റെ പ്രതിബദ്ധതയുമാണ് പദ്ധതിയിലൂടെ പ്രതിഫലിക്കുന്നതെന്ന് ബിപിസിഎൽ എൽപിജി വിഭാഗം ബിസിനസ് ഹെഡ് ടി വി പാണ്ഡ്യൻ പറഞ്ഞു. പ്ലാന്റുകളിൽനിന്നും ഗുണഭോക്താക്കളുടെ വീട്ടുപടിക്കൽ എത്തുന്നതുവരെയുള്ള ഓരോ ഘട്ടങ്ങളിലും സിലിണ്ടറിന്റെ ഗുണമേന്മ ഉറപ്പാക്കാൻ കമ്പനി ബാധ്യസ്ഥരായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
