സ്വാർഥതയും അതിരുകടന്ന പണാസക്തിയും കുടുംബജീവിതത്തിന്റെ സമതുലിതാവസ്ഥ തകർക്കുന്ന വൈകാരിക മുഹൂർത്തങ്ങളിലേക്കാണ് ‘ഞാൻ കർണ്ണൻ’ എന്ന സിനിമയുടെ രണ്ടാം ഭാഗം വീണ്ടും വിരൽചൂണ്ടുന്നത്. ദാമ്പത്യബന്ധങ്ങളിലെ സൂക്ഷ്മമായ സ്വരച്ചേർച്ചകൾ അവതരിപ്പിച്ച് ശ്രദ്ധ നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗം ഇപ്പോൾ യുട്യൂബിൽ പ്രേക്ഷകർക്ക് ലഭ്യമാണ്.
ദാമ്പത്യജീവിതത്തിന്റെയും കുടുംബബന്ധങ്ങളുടെയും മാനസിക തലങ്ങളിലേക്ക് ആഴത്തിൽ കടന്നുകയറിയ ആദ്യഭാഗം വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ശ്രിയാ ക്രിയേഷൻസ് ബാനറിലൊരുങ്ങിയ ‘ഞാൻ കർണ്ണൻ’ സംവിധാനം ചെയ്യുന്നത് ഡോ. ശ്രീചിത്ര പ്രദീപാണ്. ചിത്രത്തിന്റെ നിർമ്മാണം പ്രദീപ് രാജാണ് നിർവഹിക്കുന്നത്. ആദ്യഭാഗത്തെപ്പോലെ തന്നെ രണ്ടാം ഭാഗത്തിന്റെയും കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് മുതിർന്ന എഴുത്തുകാരൻ എം. ടി. അപ്പനാണ്. ശ്രിയ ക്രിയേഷൻസ് എന്ന യുട്യൂബ് ചാനലിലൂടെയാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.
എം. ടി. അപ്പന്റെ കഥയെ ആധാരമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കുടുംബബന്ധങ്ങളുടെ യാഥാർഥ്യങ്ങളെയാണ് സിനിമ പൂർണ്ണമായും അവതരിപ്പിക്കുന്നതെന്ന് സംവിധായിക ഡോ. ശ്രീചിത്ര പ്രദീപ് വ്യക്തമാക്കി. സാമൂഹിക മാറ്റങ്ങൾ കുടുംബജീവിതത്തിലും ആഴത്തിലുള്ള മാറ്റങ്ങൾ സൃഷ്ടിച്ചിരിക്കുകയാണെന്നും, ബന്ധങ്ങളിലെ വൈകാരിക അടുപ്പം ക്രമേണ നഷ്ടമാകുന്ന കാലഘട്ടത്തിലൂടെയാണ് സമൂഹം കടന്നുപോകുന്നതെന്നും അവർ പറഞ്ഞു. കുടുംബത്തിനായി സ്വന്തം ജീവിതം തന്നെ ത്യജിച്ച് ജീവിക്കുന്ന അനേകം മനുഷ്യരെ ചുറ്റും കാണാനാകുമെന്നും, സ്വാർഥതയും പണാസക്തിയും മനുഷ്യനെ എങ്ങനെ നശിപ്പിക്കുന്നു എന്നതിലേക്കാണ് സിനിമ ശ്രദ്ധ തിരിക്കുന്നതെന്നും സംവിധായിക കൂട്ടിച്ചേർത്തു.
ശിഥിലമായ കുടുംബബന്ധങ്ങളുടെ മാനസികാവസ്ഥകളെ മനശാസ്ത്രപരമായി വിശകലനം ചെയ്യുന്നതാണ് ചിത്രമെന്ന് തിരക്കഥാകൃത്ത് എം. ടി. അപ്പൻ പറഞ്ഞു. കുടുംബബന്ധങ്ങളിൽ നടക്കുന്ന അതിവൈകാരിക സംഘർഷങ്ങളെയാണ് സിനിമ ആവിഷ്കരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അഭിനേതാക്കൾ- ടി എസ് രാജു, ടോണി, പ്രദീപ് രാജ്, ഡോ. ശ്രീചിത്ര പ്രദീപ്, മുരളി കാക്കനാട്, ജിതിൻ ജീവൻ, രമ്യ രാജേഷ്, മനീഷ മനോജ്, കീഴില്ലം ഉണ്ണികൃഷ്ണ മാരാർ, ശിവദാസ് വൈക്കം, ജിബിൻ ടി ജോർജ്, ബേബി ശ്രിയാപ്രദീപ്, മാസ്റ്റർ സാകേത് റാം, സാവിത്രി പിള്ള തുടങ്ങിയവർ. ബാനർ ശ്രിയ ക്രിയേഷൻസ്, സംവിധാനം ഡോ: ശ്രീചിത്ര പ്രദീപ്, നിർമ്മാണം പ്രദീപ് രാജ്, കഥ, തിരക്കഥ, സംഭാഷണം എം ടി അപ്പൻ, ക്യാമറ ഹാരി മാർട്ടിൻ, അസോസിയേറ്റ് ഡയറക്ടർ നിഖിൽ അഗസ്റ്റിൻ, അസോസിയേറ്റ് ഡയറക്ടേഴ്സ് അനീഷ് സിനി, സബിൻ ആൻറണി, സനീഷ് ബാല, മേക്കപ്പ് മേരി തോമസ്, കോസ്റ്റ്യൂം സ്റ്റെഫി എം എക്സ്, പിആർഒ- പി ആർ സുമേരൻ.എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.
