തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി ഡോ. ഡി. സജിത് ബാബു ഐ.എ.എസിനെ നിയമിച്ചു. സംസ്ഥാനത്ത് നടക്കാനിരിക്കുന്ന ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളുടെ മേല്‍നോട്ട ചുമതല ഇനി അദേഹത്തിനായിരിക്കും. സംസ്ഥാന സര്‍ക്കാര്‍ കൈമാറിയ മൂന്നംഗ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ പാനലില്‍ നിന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് ഡോ. ഡി. സജിത് ബാബുവിനെ ഈ പദവിയിലേക്ക് തിരഞ്ഞെടുത്ത് അംഗീകാരം നല്‍കിയത്.
വ്യത്യസ്ത മേഖലകളില്‍ മികച്ച ഭരണപരിചയമുള്ള സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനാണ് ഡോ. ഡി. സജിത് ബാബു. ഇതിനുമുമ്പ് കാസര്‍കോട് ജില്ലാ കളക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ കോ-ഓപ്പറേറ്റീവ് സൊസൈറ്റി രജിസ്ട്രാര്‍, മൃഗസംരക്ഷണ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി, സപ്ലൈകോ കമ്മീഷണര്‍ തുടങ്ങിയ സുപ്രധാന പദവികളും അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളുടെ ഒരുക്കങ്ങള്‍ക്കും വോട്ടര്‍ പട്ടിക പുതുക്കല്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡോ. ഡി. സജിത് ബാബു നേതൃത്വം നല്‍കും.
