Home » Blog » Kerala » ഡോ. കെ. എൻ പണിക്കറുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അനുശോചനം
pinarayivijayan-kiCG-621x414LiveMint-1-560x414

യഥാർത്ഥ മനുഷ്യനെ അടയാളപ്പെടുത്തുന്ന ശാസ്ത്രീയവും വസ്തുനിഷ്ഠവുമായ ചരിത്രബോധത്തിന്റെ കാവൽക്കാരനായി നിലകൊണ്ട സാംസ്‌കാരിക നായകനായിരുന്നു ഡോ. കെ. എൻ പണിക്കർ. ഇന്ത്യയുടെ ബഹുസ്വരത, ചരിത്രത്തിന്റെ നാൾവഴികളിലൂടെ രൂപപ്പെട്ടു വന്നതാണെന്നും അതിന്റെ തകർച്ച ഇന്ത്യയുടെ തന്നെ തകർച്ചയ്ക്ക് വഴിവെക്കുമെന്നും എഴുത്തിലൂടെയും പ്രസംഗത്തിലൂടെയും അധ്യാപനത്തിലൂടെയും നിരന്തരം ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു അദ്ദേഹം.

 

ഇതാകട്ടെ ഇന്ത്യൻ മതനിരപേക്ഷതയെ വർഗീയതയുടെ കരിമേഘങ്ങൾ മൂടിയ ഘട്ടങ്ങളിലെല്ലാം സമൂഹ മനസ്സിലേക്ക് പടർത്തിയ വെളിച്ചമായി. ഇന്ത്യ എന്താണ് എന്നത് പഠിച്ച് പുതിയ തലമുറയ്ക്ക് മുൻപിൽ അവതരിപ്പിക്കുകയും വക്രീകരണങ്ങൾക്കെതിരെ അവരെ ജാഗ്രതപ്പെടുത്തുകയും ചെയ്തുകൊണ്ടിരുന്നു അദ്ദേഹം.

 

ചരിത്രപരമായ ഭൗതികവാദത്തിന്റെ ഉപകരണങ്ങൾ ഉപയോഗിച്ച് സാംസ്‌കാരിക പഠനങ്ങൾ നടത്തുന്നതിൽ ഡി ഡി കൊസാംബിയുടെയും ദേബി പ്രസാദ് ചതോപാധ്യായയുടെയും വഴിയിലൂടെയാണ് അദ്ദേഹം സഞ്ചരിച്ചത്. ആ ചരിത്ര, സാംസ്‌കാരിക പഠനങ്ങൾ ഇന്ത്യയെ വർഗീയവൽക്കരിക്കാനുള്ള ശ്രമങ്ങളെ ഇഞ്ചോടിഞ്ച് നേരിട്ട് നിന്ന് എതിർത്ത് പോരാടുകയും ചെയ്തു. അതുകൊണ്ടുതന്നെ ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ച് പോലുള്ള ചരിത്ര പഠന സ്ഥാപനങ്ങളിൽ നിന്നും അദ്ദേഹവും അദ്ദേഹത്തിന്റെ ചരിത്ര പഠന പദ്ധതികളും പുറത്താവുന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്. ചരിത്ര വസ്തുതകളെ ഐതിഹ്യങ്ങൾ കൊണ്ടും മിത്തുകൾ കൊണ്ടും ഊഹാപോഹങ്ങൾ കൊണ്ടും പകരം വെച്ച് ചാതുർവർണ്യക്രമത്തെ അതിന്റെ എല്ലാ ജീർണ്ണതകളോടും കൂടി പുനരുജീവിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് എതിരായ നിരന്തര പോരാട്ടമായിരുന്നു കെ എൻ പണിക്കരുടെ ജീവിതം.

 

അന്താരാഷ്ട്ര രംഗത്തെ തലയെടുപ്പോടെ ഉയർന്നു നിന്ന പ്രശസ്ത ചരിത്രകാരന്മാരുടെ നിരയിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. മലബാർ കലാപത്തെ അതിന്റെ യഥാർത്ഥ ചരിത്ര പശ്ചാത്തലത്തിൽ പ്രതിഷ്ഠിച്ച് അതിലെ സ്വാതന്ത്ര്യ സമര കാർഷിക കലാപ സാമ്രാജ്യത്വവിരുദ്ധ വശങ്ങളെ ഉയർത്തിക്കാട്ടുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് ചരിത്രപരമായ പ്രാധാന്യമുള്ളതാണ്.

 

ദേശീയ സ്വാതന്ത്ര്യസമര ചരിത്രത്തിൽ നിന്ന് പുന്നപ്ര വയലാർ മുതൽ കയ്യൂർ സംഭവം വരെയുള്ള കാര്യങ്ങളെ പുറത്താക്കാൻ ബിജെപി നേതൃത്വത്തിലുള്ള സർക്കാർ നടത്തിയ ഇടപെടലുകളെ ചെറുക്കുന്നതിലും സിലബസുകളെ അടക്കം വർഗീയവൽക്കരിക്കുന്നതിനെതിരെ പോരാടുന്നതിലും സാംസ്‌കാരിക രംഗത്തെ കാവിവൽക്കരണത്തെ എതിർക്കുന്നതിലും അദ്ദേഹം വഹിച്ച പങ്ക് നേതൃത്വപരമായിരുന്നു.

 

കാലടി സംസ്‌കൃത സർവകലാശാല വൈസ് ചാൻസിലർ, ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി പ്രൊഫസർ എന്നീ ഔന്നത്യമുള്ള പദവികളിൽ വിരാജിച്ചിരുന്ന അദ്ദേഹം ദില്ലിയിലെ സാംസ്‌കാരിക രംഗത്ത് മുൻനിരയിൽ ഉണ്ടായിരുന്നു. എന്നും ഇടതുപക്ഷ രാഷ്ട്രീയത്തോട് ചേർന്ന് നിന്ന അദ്ദേഹത്തിന്റെ വിയോഗം ഇന്ത്യൻ മതനിരപേക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങൾക്ക് ആകെ നികത്താൻ ആകാത്ത നഷ്ടമാണ്. അദ്ദേഹത്തിന്റെ വേർപാടിൽ അനുശോചനവും ദുഃഖവും രേഖപ്പെടുത്തുന്നു.