ലോകപ്രശസ്തമായ ഹാരിപോർട്ടർ പരമ്പരയിലൂടെ കോടിക്കണക്കിന് വായനക്കാരെ നേടിയ എഴുത്തുകാരി ജെ.കെ.റൗളിങ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച പുതിയ പോസ്റ്റ് വീണ്ടും വലിയ ചർച്ചകൾക്കും കടുത്ത വാദപ്രതിവാദങ്ങൾക്കും വഴിയൊരുക്കിയിരിക്കുന്നു. ജെൻഡർ രാഷ്ട്രീയം സംബന്ധിച്ച സങ്കീർണ്ണമായ വിഷയങ്ങളിൽ റൗളിംഗ് നടത്തുന്ന ഇടപെടലുകൾ ഇതിനകം തന്നെ പലതവണ മാധ്യമശ്രദ്ധ നേടിയിട്ടുണ്ടെങ്കിലും, പുതിയ പരാമർശം സമൂഹമാധ്യമങ്ങളിൽ പുതിയൊരു ചേരിതിരിവാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഒരു എക്സ് ഉപയോക്താവ് ‘ട്രാൻസ്’ എന്നത് ഒരു നാമവിശേഷണമാണെന്ന് വാദിച്ചുകൊണ്ട് റൗളിങ്ങിന്റെ പദപ്രയോഗങ്ങളെ ചോദ്യം ചെയ്തതാണ് ഈ സംഭവവികാസങ്ങളുടെ തുടക്കം. ഈ പോസ്റ്റിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് ജെ.കെ.റൗളിങ് നൽകിയ മറുപടിയാണ് വിവാദങ്ങൾക്ക് ആക്കം കൂട്ടിയത്. ഒരു നാമത്തിന് മുൻപായി നാമവിശേഷണം ഉപയോഗിക്കുന്നത് ആ നാമത്തിന്റെ ഉപവിഭാഗത്തെ വിശദീകരിക്കുന്നില്ലെന്ന് വ്യക്തമാക്കുന്നതിനായി അവർ ചില ഉദാഹരണങ്ങൾ നിരത്തി. ഇതിൽ ‘ട്രാൻസ് വിമൻ’ എന്ന പ്രയോഗം ഉൾപ്പെടുത്തിയിരുന്നു. ട്രാൻസ് സ്ത്രീകൾ സ്ത്രീകളല്ലെന്ന അർത്ഥം വരുന്ന ഈ നിലപാട് അതിവേഗം വൈറലാവുകയും ആഗോളതലത്തിൽ വലിയ ചർച്ചയായി മാറുകയും ചെയ്തു.
റൗളിങ്ങിന്റെ ഈ പരാമർശത്തിനെതിരെ ട്രാൻസ് വ്യക്തികളുടെ അവകാശങ്ങൾക്കായി വാദിക്കുന്ന നിരവധി സംഘടനകളും ക്ഷേമപ്രവർത്തകരും രംഗത്തെത്തി. ഇത് ട്രാൻസ് സമൂഹത്തിന്റെ അന്തസ്സിനും ലിംഗസമത്വത്തിനും നേരെയുള്ള വെല്ലുവിളിയാണെന്ന് വിമർശകർ കുറ്റപ്പെടുത്തുന്നു. “ട്രാൻസ് സ്ത്രീകൾ പുരുഷന്മാരല്ല, അവരെ സ്ത്രീകളായാണ് കരുതുന്നത്. അവർക്ക് പുരുഷന്മാരുടെ ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ല. ട്രാൻസ് സ്ത്രീകൾ സ്ത്രീകളല്ലെന്ന് പറയുന്നതിലൂടെ സ്ത്രീത്വത്തെ പ്രത്യുല്പാദന ശേഷിയിലേക്ക് ചെറുതാക്കുകയാണ്” എന്ന് വിമർശിച്ചുകൊണ്ട് നിരവധി ഉപയോക്താക്കൾ രംഗത്തുവന്നു.
മറുവശത്ത്, സ്ത്രീകളുടെ ജൈവികമായ അവകാശങ്ങളും സുരക്ഷിതത്വവും മുൻനിർത്തി സംസാരിക്കുന്നവരുടെ ശക്തമായ പിന്തുണയും ജെ.കെ. റൗളിങ്ങിന് ലഭിക്കുന്നുണ്ട്. ജൈവികമായ ലിംഗവ്യത്യാസങ്ങളെയും സ്ത്രീകളുടെ സംവക്ഷിത ഇടങ്ങളെയും കുറിച്ച് തുറന്നു സംസാരിക്കുന്ന എഴുത്തുകാരിക്ക് അനുകൂലമായും വലിയൊരു വിഭാഗം ആളുകൾ സോഷ്യൽ മീഡിയയിൽ നിലയുറപ്പിച്ചിട്ടുണ്ട്. നിലവിൽ സമൂഹമാധ്യമങ്ങളിൽ രണ്ട് വിരുദ്ധ ചേരികളായി തിരിഞ്ഞുള്ള ചൂടേറിയ സംവാദങ്ങളും വാദപ്രതിവാദങ്ങളും തുടരുകയാണ്.
