ടി20 ലോകകപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ മോശം ഫോം ടീമിനെ മൊത്തത്തിൽ ബാധിക്കുമെന്ന് മുൻ നായകൻ രോഹിത് ശർമ. കഴിഞ്ഞ കുറച്ചു കാലമായി ബാറ്റിംഗിൽ മികവ് പുലർത്താൻ സൂര്യയ്ക്ക് കഴിയാത്തത് ടീമിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഒരു ക്യാപ്റ്റൻ ഫോം ഔട്ടാകുന്നത് എന്നതിനേക്കാൾ ടീമിലെ ഒരു പ്രധാന താരം ഫോം ഔട്ടാകുന്നു എന്നതാണ് ഗൗരവകരമായ കാര്യമെന്ന് രോഹിത് ചൂണ്ടിക്കാട്ടി. ബാറ്റിംഗ് ലൈനപ്പിൽ ഒരാൾ പരാജയപ്പെട്ടാൽ മറ്റൊരാൾ ആ സ്ഥാനം ഏറ്റെടുക്കാനുള്ള കരുത്ത് ഇന്ത്യയ്ക്കുണ്ടെങ്കിലും സൂര്യയെപ്പോലൊരു താരം റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടുന്നത് ലോകകപ്പിന് മുന്നോടിയായി ടീമിന്റെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, തനിക്കെതിരെ ഉയരുന്ന വിമർശനങ്ങളെ തന്റെ പതിവ് ശൈലിയിൽ തന്നെയാണ് സൂര്യകുമാർ നേരിടുന്നത്. താൻ ഫോം ഔട്ടല്ലെന്നും റൺസ് ഔട്ട് മാത്രമാണെന്നുമുള്ള തന്റെ പഴയ നിലപാട് അദ്ദേഹം ഒരിക്കൽ കൂടി ആവർത്തിച്ചു. 2024 ഒക്ടോബറിന് ശേഷം അന്താരാഷ്ട്ര ടി20യിൽ ഒരു അർധ സെഞ്ച്വറി പോലും നേടാൻ സൂര്യയ്ക്ക് കഴിഞ്ഞിട്ടില്ലെങ്കിലും തന്റെ ബാറ്റിംഗ് രീതിയിൽ മാറ്റം വരുത്താൻ അദ്ദേഹം തയ്യാറല്ല. കഴിഞ്ഞ മൂന്നോ നാലോ വർഷമായി താൻ പിന്തുടരുന്ന രീതിയിൽ തന്നെ കളി തുടരുമെന്നും നെറ്റ്സിൽ ഇതിനായി കഠിന പ്രയത്നം നടത്തുന്നുണ്ടെന്നും ഇന്ത്യൻ ക്യാപ്റ്റൻ വ്യക്തമാക്കി.
ബാറ്റിംഗ് പൊസിഷനെക്കുറിച്ചും സൂര്യ തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഓപ്പണറായ സഞ്ജു സാംസൺ പുറത്താകുന്ന സാഹചര്യത്തിൽ ഒരു വലംകയ്യൻ ബാറ്ററെ ആവശ്യമാണെങ്കിൽ താൻ മൂന്നാം നമ്പറിൽ ഇറങ്ങാൻ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ തിലക് വർമ്മ മൂന്നാം നമ്പറിൽ മികച്ച പ്രകടനമാണ് നടത്തുന്നത്. സാഹചര്യങ്ങൾക്ക് അനുസരിച്ച് എവിടെയും ബാറ്റ് ചെയ്യാൻ താൻ ഫ്ലെക്സിബിൾ ആണെന്നും അദ്ദേഹം അറിയിച്ചു. ക്രിക്കറ്റ് ഒരു ടീം ഗെയിമാണെന്നും അതിനാൽ വ്യക്തിഗത ഫോമിനേക്കാൾ ടീമിന്റെ മൊത്തത്തിലുള്ള പ്രകടനത്തിനാണ് താൻ പ്രാധാന്യം നൽകുന്നതെന്നും സൂര്യ കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന ന്യൂസിലൻഡ് പരമ്പര സൂര്യയെ സംബന്ധിച്ചിടത്തോളം തന്റെ പഴയ പ്രതാപത്തിലേക്ക് തിരികെ വരാനുള്ള മികച്ച അവസരമായിരിക്കും.
