സിപിഐഎം വിട്ട് കോൺഗ്രസിൽ ചേർന്ന തന്നെ ‘വർഗ വഞ്ചക’ എന്ന് വിശേഷിപ്പിച്ചവർക്ക് ശക്തമായ മറുപടിയുമായി മുൻ എംഎൽഎ ഐഷ പോറ്റി രംഗത്തെത്തി. കോൺഗ്രസ് വിട്ട് സിപിഐഎമ്മിലേക്ക് എത്തിയ പി. സരിൻ, ശോഭന ജോർജ് എന്നിവർക്കും ഇതേ വിശേഷണമാണോ പാർട്ടി നൽകുന്നതെന്ന് അവർ ചോദിച്ചു. മൂന്ന് തവണ എംഎൽഎ ആയിരുന്നപ്പോഴും പാർട്ടിക്കുള്ളിൽ നിന്ന് കഠിനാധ്വാനം ചെയ്താണ് താൻ പ്രവർത്തിച്ചത്. എന്നാൽ പാർട്ടിയിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ തനിക്ക് ഒരിടവുമില്ലെന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടത് എന്ത് രാഷ്ട്രീയ ഭാഷയാണെന്നും അവർ പരിഹസിച്ചു.
താൻ തുടക്കം കുറിച്ച വികസന പദ്ധതികൾ പോലും നിലവിലെ എംഎൽഎയും മന്ത്രിയുമായ കെ.എൻ. ബാലഗോപാൽ പൂർത്തിയാക്കിയില്ലെന്ന് ഐഷ പോറ്റി കുറ്റപ്പെടുത്തി. പല പദ്ധതികളും പാതിവഴിയിൽ നിലച്ചുപോയി, തിരക്ക് കാരണമാകാം അദ്ദേഹം പദ്ധതികൾ പൂർത്തിയാക്കാത്തതെന്നും അവർ പരിഹസിച്ചു. തന്നെ പല പരിപാടികളിൽ നിന്നും മനഃപൂർവ്വം ഒഴിവാക്കുകയും അവഗണിക്കുകയും ചെയ്തെന്നും സ്വന്തം മനസ്സിലുള്ള കാര്യങ്ങൾ തുറന്നു പറയാനുള്ള സാഹചര്യം സിപിഐഎം പ്രവർത്തകർക്ക് നൽകണമെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, ഐഷ പോറ്റിക്കെതിരെ രൂക്ഷമായ വിമർശനവുമായി സിപിഐഎം നേതാക്കൾ രംഗത്തെത്തി. ഐഷ പോറ്റിക്ക് അധികാരമോഹമാണെന്നും പാർട്ടി എല്ലാ സ്ഥാനങ്ങളും നൽകിയിട്ടും വഞ്ചനാപരമായ നിലപാടാണ് അവർ സ്വീകരിച്ചതെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ഐഷ പോറ്റി ഒരു വർഗ വഞ്ചകയാണെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്കും വിമർശിച്ചു. പാർട്ടി വിട്ടതിന് പിന്നാലെ കൊട്ടാരക്കര മണ്ഡലത്തിലെ യുഡിഎഫ് പ്രചാരണ പരിപാടികളിൽ ഐഷ പോറ്റി സജീവമായി പങ്കെടുത്തു തുടങ്ങിയിട്ടുണ്ട്.
