വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി രൂപീകരിക്കുന്ന നാവിക സഖ്യത്തിൽ ചേരാൻ വിസമ്മതിച്ച സഖ്യകക്ഷികളെ തള്ളി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഈ പ്രധാന എണ്ണപ്പാത സംരക്ഷിക്കാൻ അമേരിക്കയ്ക്ക് ആരുടെയും സഹായം ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഞങ്ങൾ ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യമാണ്, ഏറ്റവും കരുത്തുറ്റ സൈന്യം ഞങ്ങളുടേതാണ്,’ എന്ന് പറഞ്ഞ ട്രംപ്, നാറ്റോ അംഗങ്ങൾ കൂട്ടുത്തരവാദിത്തം കാണിക്കുന്നില്ലെന്നും ആരോപിച്ചു.
സഖ്യകക്ഷികൾ അമേരിക്കയെ എത്രത്തോളം പിന്തുണയ്ക്കുമെന്ന് പരീക്ഷിക്കാനാണ് താൻ സഹായം തേടിയതെന്നും ട്രംപ് വെളിപ്പെടുത്തി. ‘എനിക്ക് അവരുടെ ആവശ്യം ഉള്ളതുകൊണ്ടല്ല, മറിച്ച് അവർ എങ്ങനെ പ്രതികരിക്കുന്നു എന്ന് അറിയാനാണ് ഞാൻ ഇത് ചെയ്തത്’ എന്നും അദ്ദേഹം പറഞ്ഞു. സഖ്യകക്ഷികളുടെ സുരക്ഷയ്ക്കായി അമേരിക്ക വലിയ തുക ചിലവഴിക്കുന്നുണ്ടെന്നും അവരുടെ പ്രതികരണത്തിൽ താൻ സന്തുഷ്ടനല്ലെന്നും യുകെയുടെ നിലപാടിൽ താൻ വലിയ നിരാശനാണെന്നും ട്രംപ് വ്യക്തമാക്കി.
രണ്ട് ദിവസം മുൻപാണ് ഹോർമുസ് കടലിടുക്കിലേക്ക് യുദ്ധക്കപ്പലുകൾ വിന്യസിക്കാൻ ട്രംപ് സഖ്യരാജ്യങ്ങളോട് ആവശ്യപ്പെട്ടത്. എന്നാൽ ജർമ്മനി, സ്പെയിൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങൾ ഈ ആവശ്യം നിരാകരിച്ചു. സഖ്യകക്ഷികളുടെ ഈ നിഷേധാത്മക നിലപാട് നാറ്റോയുടെ ഭാവിക്ക് വലിയ ദോഷം ചെയ്യുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.
