Home » Blog » Uncategorized » ഞങ്ങളെ രക്ഷിച്ചത് ദൈവം, ഇന്ത്യൻ ആക്രമണത്തിലെ പരാജയഭീതിയിൽ വിചിത്ര വാദവുമായി പാക് സൈനിക മേധാവി
asim-muneer-p-680x450

മെയ് മാസത്തിൽ ഇന്ത്യ നടത്തിയ കനത്ത തിരിച്ചടിയിൽ നിന്ന് പാകിസ്ഥാൻ കഷ്ടിച്ച് രക്ഷപ്പെട്ടത് ‘ദൈവിക ഇടപെടൽ’ കൊണ്ടാണെന്ന് പാക് സൈനിക മേധാവി അസിം മുനീർ. ഇന്ത്യൻ സേനയുടെ മിസൈലുകൾക്കും ഡ്രോണുകൾക്കും മുന്നിൽ പാക് സൈന്യം പതറിപ്പോയ നിമിഷങ്ങളെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം.

കശ്മീരിലെ പഹൽഗാമിൽ പാക് ഭീകരർ നടത്തിയ ക്രൂരതയ്ക്ക് ഇന്ത്യ നൽകിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന മറുപടി പാകിസ്ഥാനെ എത്രത്തോളം പിടിച്ചുലച്ചു എന്നതിന്റെ തെളിവാണ് സൈനിക മേധാവിയുടെ പുതിയ പ്രസ്താവന. നാല് ദിവസം നീണ്ടുനിന്ന കടുത്ത പോരാട്ടത്തിനൊടുവിൽ ഇന്ത്യയ്ക്ക് മുന്നിൽ വെടിനിർത്തലിനായി പാകിസ്ഥാൻ യാചിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്.

ഏപ്രിൽ 22-ന് പഹൽഗാമിൽ പാക് പിന്തുണയുള്ള ഭീകരർ 26 സാധാരണക്കാരെ കൊലപ്പെടുത്തിയതോടെയാണ് ഇന്ത്യയുടെ ക്ഷമ നശിച്ചത്. മെയ് 7-ന് പുലർച്ചെ ഇന്ത്യ നടത്തിയ തിരിച്ചടിയിൽ പാകിസ്ഥാനുള്ളിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകര കേന്ദ്രങ്ങൾ തകർന്നു തരിപ്പണമായി. യുദ്ധവിമാനങ്ങൾ, മിസൈലുകൾ, ഡ്രോണുകൾ, പീരങ്കികൾ എന്നിവ ഉപയോഗിച്ച് ഇന്ത്യ നടത്തിയ പ്രഹരത്തിന് മുന്നിൽ പാക് പ്രതിരോധം നിഷ്പ്രഭമായി. ഒടുവിൽ പാക് ഡിജിഎംഒ ഇന്ത്യൻ സൈനികനെ വിളിച്ച് വെടിനിർത്തൽ ആവശ്യപ്പെട്ടതോടെയാണ് പോരാട്ടത്തിന് അന്ത്യമായത്.

ഇസ്ലാമാബാദിൽ നടന്ന ഉലമ സമ്മേളനത്തിലാണ് അസിം മുനീർ തന്റെ വിചിത്രമായ വാദം നിരത്തിയത്. ഇന്ത്യയുടെ ആക്രമണത്തെ പ്രതിരോധിക്കാൻ നടത്തിയ ‘ഓപ്പറേഷൻ ബനിയനം മർസൂസി’ൽ സൈന്യത്തിന് ‘ദൈവിക സഹായം’ ലഭിച്ചുവെന്നാണ് അദ്ദേഹം അവകാശപ്പെട്ടത്. “ഞങ്ങൾക്ക് അത് അനുഭവപ്പെട്ടു” എന്നാണ് സൈനിക മേധാവി പറഞ്ഞത്. സൈനികമായ പരാജയവും ഇന്ത്യയുടെ കരുത്തും മറച്ചുപിടിക്കാനാണ് ഇത്തരം മതപരമായ പ്രസ്താവനകൾ അദ്ദേഹം നടത്തുന്നതെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.

ഭീകരവാദത്തിന്റെ പേരിൽ അഫ്ഗാനിസ്ഥാനെതിരെയും മുനീർ ആഞ്ഞടിച്ചു. പാകിസ്ഥാനിലേക്ക് നുഴഞ്ഞുകയറുന്ന തെഹ്‌രീക്-ഇ-താലിബാൻ (ടിടിപി) സംഘടനയിലെ 70 ശതമാനം പേരും അഫ്ഗാനികളാണെന്ന് അദ്ദേഹം ആരോപിച്ചു. “അഫ്ഗാനിസ്ഥാൻ നമ്മുടെ പാകിസ്ഥാൻ കുട്ടികളുടെ രക്തം ചൊരിയുകയല്ലേ?” എന്ന് ചോദിച്ച മുനീർ, ഭീകരവാദികൾക്ക് അഫ്ഗാൻ മണ്ണ് വിട്ടുകൊടുക്കുന്നതിനെതിരെ കടുത്ത അമർഷം രേഖപ്പെടുത്തി.

എന്നാൽ അഫ്ഗാൻ ഈ ആരോപണങ്ങൾ പാടെ നിഷേധിച്ചിരിക്കുകയാണ്.

ലോകത്തെ 57 ഇസ്ലാമിക രാജ്യങ്ങളിൽ ഹറമൈൻ ഷെരീഫൈനിന്റെ (മക്കയും മദീനയും) സംരക്ഷകരാകാൻ ദൈവം തിരഞ്ഞെടുത്തത് പാകിസ്ഥാനെയാണെന്ന അവകാശവാദവും അദ്ദേഹം നടത്തി. പ്രസംഗത്തിലുടനീളം ഖുറാൻ വചനങ്ങൾ ഉദ്ധരിച്ച അദ്ദേഹം, സൈനികമായ തകർച്ച നേരിടുമ്പോഴും ജനങ്ങളുടെ മതവികാരം ഇളക്കിവിട്ട് പിടിച്ചുനിൽക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് വ്യക്തമാണ്.