
വാഷിങ്ടൺ : ഇന്ത്യൻ വംശജരെ ലക്ഷ്യമിട്ടുള്ള വംശീയ പരാമർശവുമായി അമേരിക്കയിലെ ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന്റെ പുതിയ കുടിയേറ്റ വിരുദ്ധ പരസ്യം വിവാദത്തിൽ. ‘ട്രാൻസ്ഫോർമേഴ്സ്’ സിനിമയെ പരിഹസിക്കുന്ന രീതിയിൽ തയ്യാറാക്കിയ പരസ്യത്തിൽ തവിട്ടുനിറമുള്ള ചർമ്മവും താടിയുമുള്ള ഒരാളെ ‘മിസ്റ്റർ സിങ്’ എന്ന് അഭിസംബോധന ചെയ്യുന്നതാണ് വിവാദമായത്.
യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ (DHS) എക്സ് അക്കൗണ്ടിലാണ് ഡിജിറ്റൽ പരസ്യം പ്രസിദ്ധീകരിച്ചത്. ‘ട്രാൻസ്ഫോർമേഴ്സ്’ ഫ്രാഞ്ചൈസിയിലെ പ്രധാന കഥാപാത്രമായ ഓപ്റ്റിമസ് പ്രൈമിനെ അമേരിക്കയെ പ്രതിനിധീകരിക്കുന്ന തരത്തിൽ DHS-ന്റെ കൈപ്പട്ടയോടെയാണ് ചിത്രീകരിച്ചിരിക്കുന്നത്. മുന്നിൽ ബാൻഡാന ധരിച്ച തവിട്ടുനിറമുള്ള ഒരാൾ നിൽക്കുന്നു. ഇയാളോട് ഓപ്റ്റിമസ് പ്രൈം പറയുന്നതായി പരസ്യത്തിൽ എഴുതിയിരിക്കുന്നത്: “Get off our roads, you don’t know how to drive, Mr Singh” എന്നാണ്.
അതേസമയം, അനധികൃത കുടിയേറ്റക്കാരോട് സ്വമേധയാ അമേരിക്ക വിടാൻ ആവശ്യപ്പെടുന്ന ട്രംപ് ഭരണകൂടത്തിന്റെ വിപുലമായ പ്രചാരണത്തിന്റെ ഭാഗമായാണ് ഈ പരസ്യം പുറത്തുവന്നത്. “Self-deport or find out (“സ്വയം നാടുകടത്തുക അല്ലെങ്കിൽ കണ്ടെത്തുക)” എന്ന മുദ്രാവാക്യമാണ് DHS ഇതിനായി ഉപയോഗിക്കുന്നത്. ഇതിന് പിന്നാലെ DHS മറ്റൊരു ഹ്രസ്വ വീഡിയോയും എക്സിൽ പങ്കുവച്ചു. ‘ട്രാൻസ്ഫോർമേഴ്സ്’ സിനിമയിലെ പ്രധാന വില്ലനായ മെഗാട്രോണിനെ ഉൾപ്പെടുത്തിയായിരുന്നു വീഡിയോ.
അമേരിക്കൻ ഭരണകൂടം വിദേശ പൗരന്മാരെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന ‘aliens’ എന്ന പദവും വീഡിയോയിൽ ഉപയോഗിച്ചിട്ടുണ്ട്. റോഡപകടങ്ങളും മറ്റ് കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട അഞ്ച് ട്രക്ക് ഡ്രൈവർമാരുടെ മോചനം ആവശ്യപ്പെട്ട് മെഗാട്രോൺ ചർച്ച നടത്തുന്നതായാണ് വീഡിയോയിൽ കാണിക്കുന്നത്. ഹർജിന്ദർ സിങ്, രാജിന്ദർ കുമാർ, ബെക്സാൻ ബെഷെകീവ്, അഖ്റോർ ബോസോറോവ്, ജസ്വീർ സിങ് എന്നിവരാണ് വീഡിയോയിൽ പരാമർശിക്കപ്പെട്ടത്.
“നിങ്ങൾ ഈ രാജ്യത്തെ ശത്രുതാപരമായ ഉദ്ദേശ്യത്തോടെ സമീപിക്കുകയാണെങ്കിൽ, ഇത് ഓർക്കുക. ഞങ്ങൾ സ്വയം സംരക്ഷിക്കും. അമേരിക്കൻ മൂല്യങ്ങളെയും നമ്മുടെ വീടിനെയും ഞങ്ങൾ സംരക്ഷിക്കും,” എന്നായിരുന്നു DHS എക്സിൽ കുറിച്ചത്.
അതേസമയം പരസ്യത്തിലെ ‘സിങ്’ എന്ന പരാമർശമാണ് പ്രധാനമായും വിവാദമായത്. ഹിന്ദു, സിഖ് മതവിഭാഗങ്ങളിൽപ്പെട്ട വലിയൊരു വിഭാഗം ആളുകൾ ഉപയോഗിക്കുന്ന പൊതുവായ കുടുംബപ്പേരാണ് സിങ്. അമേരിക്കയിലെ ട്രക്കിങ് മേഖലയിൽ ജോലി ചെയ്യുന്നവരിലും സിങ് എന്ന കുടുംബപ്പേര് വ്യാപകമാണ്. എന്നാൽ, അനധികൃത കുടിയേറ്റക്കാരെ ലക്ഷ്യമിട്ടുള്ള പ്രചാരണത്തിന്റെ ഭാഗമായി പുറത്തിറക്കിയ പരസ്യത്തിലെ പരാമർശം അമേരിക്കയിലെ ഇന്ത്യൻ വംശജരെയാകെ ലക്ഷ്യമിടുന്നതാണെന്ന വിമർശനമാണ് ഉയർന്നത്.
അതേസമയം, അമേരിക്കയെ പ്രതിനിധീകരിക്കുന്നതിനായി പരസ്യത്തിൽ ഉപയോഗിച്ചിരിക്കുന്ന ഓപ്റ്റിമസ് പ്രൈം തന്നെ ‘ട്രാൻസ്ഫോർമേഴ്സ്’ കഥയിലെ ഒരു അന്യഗ്രഹ കഥാപാത്രമാണെന്ന വൈരുദ്ധ്യവും സോഷ്യൽ മീഡിയയിൽ ചൂണ്ടിക്കാണിക്കപ്പെട്ടു. പരസ്യം പുറത്തുവന്നതോടെ ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ (HAF), സിഖ് കോയലിഷൻ തുടങ്ങിയ സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.South Asians & Diaspora
“‘സിങ്മാർ’ ഹിന്ദുക്കളാണ്, അവർ സിഖുകാരാണ്, അവർ അമേരിക്കക്കാരാണ്, അവർ വാഹനമോടിക്കുന്നു. DHS നടത്തുന്ന വംശീയവും അമേരിക്കൻ വിരുദ്ധവും ഇന്ത്യക്കാരെ ലക്ഷ്യമിട്ടുള്ളതുമായ പ്രൊഫൈലിങ്ങും പരിഹാസവും രാജ്യത്തിന്റെ കൂട്ടായ മനഃസാക്ഷിയെ ഞെട്ടിക്കേണ്ടതാണ്,” ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ എക്സിൽ കുറിച്ചു.
ഇത് ഒരു ഫെഡറൽ ഏജൻസിയുടെ വിവേചനപരമായ പോസ്റ്റാണെന്നും രാഷ്ട്രീയ സന്ദേശത്തിനും അപ്പുറത്തേക്ക് പോകുന്ന വിഷയമാണെന്നും സംഘടന വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട HAF, അസിസ്റ്റന്റ് അറ്റോർണി ജനറൽ ഹർമീത് കെ. ധില്ലനെയും എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലിനെയും പോസ്റ്റിൽ ടാഗ് ചെയ്തു. സിഖ് കോയലിഷനും രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്. 9/11 ആക്രമണത്തിന് 25 വർഷങ്ങൾ പിന്നിട്ടിട്ടും ആളുകളുടെ രൂപത്തിന്റെ പേരിൽ സിഖുകാർ ഇപ്പോഴും ലക്ഷ്യമിടപ്പെടുകയും പ്രൊഫൈൽ ചെയ്യപ്പെടുകയും ചെയ്യുകയാണെന്ന് സംഘടന ആരോപിച്ചു.
അമേരിക്കയിലെ ദശലക്ഷക്കണക്കിന് സിഖുകാർ ‘സിങ്’ എന്ന കുടുംബപ്പേര് ഉപയോഗിക്കുന്നുണ്ടെന്നും ‘സിങ്’ എന്ന വാക്കിന് സിംഹം എന്നാണ് അർഥമെന്നും സംഘടന വ്യക്തമാക്കി. സർക്കാർ തന്നെ തങ്ങളെ ശത്രുക്കളായി ചിത്രീകരിക്കുന്ന സാഹചര്യത്തിലും സിഖുകാരെന്ന നിലയിൽ തങ്ങളുടെ വ്യക്തിത്വം ഭയമില്ലാതെ പ്രകടിപ്പിക്കുമെന്നും സിഖ് കോയലിഷൻ പറഞ്ഞു.
അതേസമയം, വിവാദം ഉയരുന്നത് DHS-ന്റെ സിബിപി ഹോം പദ്ധതിയുടെ പ്രചാരണം ശക്തമാക്കിയിരിക്കുന്നതിനിടെയാണ്. യോഗ്യതയുള്ള രേഖകളില്ലാത്ത കുടിയേറ്റക്കാർക്ക് അമേരിക്കയിൽ നിന്ന് സ്വമേധയാ മടങ്ങിപ്പോകാനുള്ള താൽപര്യം രജിസ്റ്റർ ചെയ്യാൻ സഹായിക്കുന്ന പദ്ധതിയാണിത്. സ്വമേധയാ രാജ്യം വിടുന്നതിനായി രജിസ്റ്റർ ചെയ്യുന്നവർക്ക് യാത്രാ സഹായവും 2,600 യുഎസ് ഡോളറിന്റെ എക്സിറ്റ് ബോണസും ലഭിക്കാമെന്നാണ് DHS വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ, അനധികൃത കുടിയേറ്റത്തെ ചെറുക്കുന്നതിനുള്ള സർക്കാർ പ്രചാരണത്തിൽ ഒരു പ്രത്യേക ഇന്ത്യൻ കുടുംബപ്പേര് ഉപയോഗിച്ചത് കുടിയേറ്റ നയത്തെക്കുറിച്ചുള്ള ചർച്ചയെ വംശീയ പ്രൊഫൈലിങ്ങിലേക്കും വിവേചനത്തിലേക്കും മാറ്റിയിരിക്കുകയാണ്.
